അമേരിക്കൻ സന്ദർശന വേളയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ തൻ്റെ ജോലിത്തിരക്കിൽ നിന്ന് ഇടവേളയെടുത്ത് വൈകുന്നേരം സൈക്കിൾ സവാരി നടത്തുന്നതിന്റെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറൽ. സൈക്കിൾ ചവിട്ടുന്ന സ്റ്റാലിൻ്റെ പശ്ചാത്തലത്തിൽ മനോഹരമായ സൂര്യാസ്തമയമാണ്.
Evening’s calm sets the stage for new dreams. pic.twitter.com/IOqZh5PYLq
— M.K.Stalin (@mkstalin) September 4, 2024
നിക്ഷേപകരുടെ കോൺക്ലേവിൽ പങ്കെടുക്കാൻ ചൊവ്വാഴ്ചയാണ് സ്റ്റാലിൻ സാൻഫ്രാൻസിസ്കോയിൽ നിന്ന് ചിക്കാഗോയിലെത്തിയത്. അടുത്ത 10 ദിവസങ്ങളിൽ അദ്ദേഹം നിക്ഷേപകരുമായുള്ള ചർച്ചകളിൽ പങ്കെടുക്കുകയും തമിഴ് പ്രവാസികളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. സെപ്തംബർ 7 ന് സ്റ്റാലിൻ നഗരത്തിലെ തമിഴ് സമൂഹവുമായി സംവദിക്കും.
തമിഴ്നാട്ടിലേക്ക് വിദേശ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി രണ്ടാഴ്ചത്തെ യുഎസ് സന്ദർശനത്തിനെത്തിയതാണ് സ്റ്റാലിൻ. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ അമേരിക്കൻ ഹരിതോർജ സ്ഥാപനമായ ഒമിയം ഇന്റർനാഷണൽ, ചെങ്കൽപേട്ട് ജില്ലയിൽ നിർമാണ യൂണിറ്റ് സ്ഥാപിക്കാൻ തമിഴ്നാട് സർക്കാരുമായി 400 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടു.
ഹരിതോർജം ഉൽപാദിപ്പിക്കുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും പദ്ധതി സഹായിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. ഓഗസ്റ്റ് 28ന് യുഎസിലെത്തിയ സ്റ്റാലിൻ ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കം വിവിധ പ്രമുഖ കമ്പനികളുമായി ഇതിനകം ചർച്ച നടത്തി. സെമികണ്ടക്ടർ, ടെലികോം മേഖലകളുടെ വികസനവുമായി ബന്ധപ്പെട്ട് 900 കോടി രൂപയുടെ കരാറിൽ നേരത്തെ ഒപ്പുവച്ചിരുന്നു.