ഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും കാണുന്നത് പോക്സോ, ഐടി നിയമങ്ങൾ പ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് സുപ്രീം കോടതിയുടെ തിരുത്ത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ചിത്രങ്ങളും കാണുന്നത് കുറ്റകൃത്യമല്ലെന്ന മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ചാണ് മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയത്. കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
ചൈൽഡ് പോണോഗ്രാഫി’ എന്ന പദത്തിന് പകരം ‘കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതും അധിക്ഷേപിക്കുന്നതുമായ മെറ്റീരിയലുകൾ’ എന്ന് ഉപയോഗിക്കുന്നതിന് പോക്സോ നിയമത്തിൽ ഭേദഗതി വരുത്താൻ സുപ്രീം കോടതി പാർലമെന്റിനോട് നിർദ്ദേശിച്ചു. ഭേദഗതി പ്രാബല്യത്തിൽ വരുന്നതുവരെ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടുവരാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ‘ചൈൽഡ് പോണോഗ്രാഫി’ എന്ന പദം ഉപയോഗിക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
കുട്ടികളുടെ അശ്ശീല ദൃശ്യം കാണുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും ഇതൊരു കുറ്റമല്ലെന്നും അവരെ ബോധവത്കരിക്കുകയാണ് വേണ്ടതെന്നുമായിരുന്നു മദ്രാസ് ഹൈക്കോടതി വിധി. ഇതിനെതിരെ കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
മൊബൈൽ ഫോണിൽ കുട്ടികളുടെ അശ്ലീല ദൃശ്യം ഡൗൺലോഡ് ചെയ്ത ഇരുപത്തെട്ടുകാരനെതിരായ കേസ് കഴിഞ്ഞ ജനുവരി 11 ന് മദ്രാസ് ഹൈക്കോടതി റദ്ദാക്കിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചത്. ഈ വിധിയാണ് സുപ്രീം കോടതി ഇപ്പോൾ റദ്ദാക്കിയത്. ഇയാൾക്കെതിരായ ക്രിമിനൽ നടപടികൾ സുപ്രീം കോടതി ഇന്ന് പുനഃസ്ഥാപിക്കുകയും ചെയ്തു.