മുംബൈ:രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയില്‍ കനത്ത മഴ. വെള്ളിയാഴ്ച രാവിലെ മുതല്‍ ഇടയ്ക്കിടെ പെയ്ത ശക്തമായ മഴയില്‍ നഗരത്തിലെ ഗതാഗതം താറുമാറായി. നിരത്തുകളില്‍ അരയ്‌ക്കൊപ്പം വെള്ളം പൊങ്ങിയിരിക്കുകയാണ്. പ്രധാന ഭാഗങ്ങള്‍ ഉള്‍പ്പെടെ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ രാവിലെ 7 മുതല്‍ 8 വരെ 15 മില്ലിമീറ്ററിലധികം മഴ ലഭിച്ചു.
അതേസമയം, വെസ്റ്റേണ്‍ റെയില്‍വേയും സെന്‍ട്രല്‍ റെയില്‍വേയും തങ്ങളുടെ സബര്‍ബന്‍ സര്‍വീസുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കനത്ത മഴയെ തുടര്‍ന്ന് മുംബൈ എയര്‍പോര്‍ട്ട് ടെര്‍മിനല്‍ 2-ല്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ടെങ്കിലും വ്യോമ ഗതാഗതത്തെ ഇതുവരെ ബാധിച്ചിട്ടില്ല. എങ്കിലും വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് വിമാനങ്ങളുടെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് ചില കമ്പനികള്‍ യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കനത്ത മഴയെത്തുടര്‍ന്ന് സിയോണ്‍ പോലുള്ള താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി. വെള്ളിയാഴ്ച രാവിലെ 8 മണിക്ക് അവസാനിച്ച 24 മണിക്കൂര്‍ സമയത്ത് മുംബൈയില്‍ ശരാശരി 93.16 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തി, കിഴക്കന്‍ മുംബൈയില്‍ 66.03 മില്ലിമീറ്ററും പടിഞ്ഞാറന്‍ മുംബൈയില്‍ 78.93 മില്ലിമീറ്ററും മഴ ലഭിച്ചു. പടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളിലെ അന്ധേരി, ജോഗേശ്വരി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള അന്ധേരി സബ്വേ വെള്ളത്തിനടിയിലായി.