കൽപ്പറ്റ: “എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവൾ ഒറ്റക്കാകുമല്ലോ എന്ന വേദനയേ ഉള്ളൂ…” ഒടുവിൽ ജെയ്സൺ ഭയന്നത് സംഭവിച്ചു. ഒറ്റരാത്രികൊണ്ട് ഒരു കൂരക്ക് കീഴിൽ അന്തിയുറങ്ങിയ 9 മനുഷ്യരെയും ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ട ശ്രുതിയുടെ കയ്യിൽ നിന്നും ഭൂമിയിൽ അവശേഷിച്ച ഏക പിടിവള്ളിയും ദയാരഹിതമായി അറുത്തുമാറ്റിയിരിക്കുന്നു വിധി. വയനാട് ഉരുള്‍പൊട്ടലില്‍ കുടുംബം നഷ്ടമായ ശ്രുതി തനിച്ചായതിന്റെ ഹൃദയവേദനയോടെ നാട് ജെന്‍സണ് വിട നല്‍കി. വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെന്‍സന്റെ മൃതദേഹം ആണ്ടൂര്‍ നിത്യസഹായ മാതാ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു.
മാതാപിതാക്കളും സഹോദരിയുമുള്‍പ്പെടെയുള്ളവര്‍ ജെന്‍സണ് അന്ത്യ ചുംബനം നല്‍കിയാണ് യാത്രയാക്കിയത്. വീട്ടില്‍ മതപരമായ ചടങ്ങുകളും സംഘടിപ്പിച്ചിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷമാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്.
കഴിഞ്ഞ ദിവസം ശ്രുതിക്കും ബന്ധുക്കൾക്കുമൊപ്പം യാത്ര ചെയ്യുമ്പോൾ വാൻ ബസിലിടിച്ചാണ് ജെൻസൻ മരിച്ചത്. ആശുപത്രിയിൽ ചികിത്സയിലുള്ള ശ്രുതിയുടെ അടുത്തെത്തിച്ച ശേഷമാണ് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നത്. ജെൻസനെ അവസാനമായി കാണാൻ എത്തിവരുടെയെല്ലാം കണ്ണ് ഈറനണിഞ്ഞു.
ഈ മാസമാണ് ജെൻസന്റെയും ശ്രുതിയുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. അപകടത്തിൽ കാലിനു പരുക്കേറ്റ ശ്രുതി ആശുപത്രിയിൽ ചികിത്സയിലാണ്. ജെൻസന്റെ മൃതദേഹം ആശുപത്രിയിൽ എത്തിച്ചു ശ്രുതിയെ കാണിച്ച ശേഷമാണ് ആണ്ടൂരിലെ വീട്ടിലേക്ക് കൊണ്ടുവന്നത്. മേപ്പാടി സ്വകാര്യ മെഡിക്കൽ കോളജിലുണ്ടായിരുന്ന ജെൻസന്റെ മൃതദേഹം രാവിലെ 9.45നാണ് ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ആണ്ടൂരിലെ ഗ്ലോറിസ് ഓഡിറ്റോറിയത്തിൽ പൊതു ദർശനത്തിന് വച്ചിരുന്നു
ചൂരല്‍മല ഉരുള്‍പ്പൊട്ടലില്‍ അച്ഛനും അമ്മയും അനിയത്തിയുമടക്കം 9 ഉറ്റബന്ധുക്കളെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്നു ജെന്‍സണ്‍. അതിനിടയിലാണ് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ശ്രുതിയുടെ ജീവിതത്തെ അപ്പാടെ ഇരുട്ടിലാക്കിയത്. ഈ ഡിസംബറില്‍ നടത്താനിരുന്ന വിവാഹം, ശ്രുതിയുടെ ഉറ്റവരെല്ലാം ദുരന്തത്തില്‍ മരണപ്പെട്ടതിനാല്‍ നേരത്തെയാക്കാന്‍ തീരുമാനിച്ചിരുന്നു.