കൊച്ചി: തൃശൂരിലെ മണ്ണില്‍ വീണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ കണ്ണീര് തുടയ്ക്കാന്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കുപകരം മത്സരിപ്പിക്കാന്‍ നീക്കം. തൃശ്ശൂരിലെ ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തില്‍ മുരളീധരനുണ്ടായ വിഷമം മാറ്റുകയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം. എന്നാല്‍ ഇത് സംബന്ധിച്ച വ്യക്തത ഇനിയും വരാനുണ്ട്. റായ്ബറേലിയെ നിലനിര്‍ത്താന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കും എന്നുള്ള കണക്കൂട്ടലിലാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ സജീവമാകുന്നത്.
എന്നാല്‍, വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്ക് പ്രിയങ്കാ ഗാന്ധിക്ക് അനുകൂലമായി എ.ഐ.സി.സി. തീരുമാനം വരാനുള്ള സാധ്യതയും ചര്‍ച്ചയാകുന്നുണ്ട്. അങ്ങനെയെങ്കില്‍ കെ.പി.സി.സി അധ്യക്ഷസ്ഥാനം മുരളീധരന്‍ ആവശ്യപ്പെട്ടേക്കുമെന്നും ചില സൂചനകളുണ്ട്. രാഹുല്‍ ഗാന്ധി സീറ്റ് ഒഴിഞ്ഞാല്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നില്ലായെങ്കില്‍ വയനാട്ടിലേക്ക് കെ മുരളീധരനെ പരിഗണിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. എന്നാല്‍ വയനാട്ടില്‍ മത്സരിക്കാന്‍ കെ മുരളീധരന്‍ തയ്യാറാകുമോ എന്നതും നിശ്ചയമില്ല.
കെ. മുരളീധരന്‍ ഏതു സീറ്റിലും ഫിറ്റാണെന്നും വയനാട്ടില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്നും പി.കെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കിയിട്ടുണ്ട്. കരുണാകരന്റെ മകന്‍ കെ. മുരളീധരന്‍ ഏതു സീറ്റിലും ഫിറ്റാണെന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയോ കെ. മുരളീധരനോ ആര് വന്നാലും ഇപ്പോഴത്തെ ഭൂരിപക്ഷം കിട്ടുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതേസമയം, ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന നിയമസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെക്കുറിച്ചും സര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, അല്ലെങ്കില്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം, ചേലക്കരയില്‍ രമ്യ ഹരിദാസ് എന്നിവരുടേതാണ് പരക്കെ ഉയരുന്ന പേരുകള്‍.