വയനാടിനെയും കേരളത്തെയാകെയും പിടിച്ചുലച്ച പ്രകൃതിദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. ഇതുവരെ 280 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. മരണസംഖ്യ വീണ്ടും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 200ലധികം പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.
രക്ഷാദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. നൂറുകണക്കിനുപേര്‍ തിങ്ങിപ്പാര്‍ത്തിരുന്ന ചൂരല്‍മലയ്ക്കു മുകളിലുള്ള മുണ്ടക്കൈ അങ്ങാടി ഇപ്പോള്‍ മണ്ണും ചെളിയും നിറഞ്ഞ് കെട്ടിട അവശിഷ്ടങ്ങള്‍ മാത്രമായി മാറിയിരിക്കുന്നു. അതിനടയിലെവിടെയെങ്കിലും ജീവന്റെ തുടിപ്പുണ്ടോയെന്ന് തിരയുകയാണ് സൈന്യവും ഡോഗ്‌സ്വാഡും അടക്കം.
രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നിര്‍മിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിര്‍മാണം അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ജെസിബിയും ഹിറ്റാച്ചിയും ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് ദുരന്തമുഖത്തേക്ക് എത്താനും രക്ഷാപ്രവര്‍ത്തനത്തിന് ഇരട്ടിവേഗമെത്താനുമാകും.
മഴവെള്ളം കയറി ഒറ്റപ്പെടുന്നതിനുപുറമേ ഉരുള്‍പൊട്ടല്‍ ഭീഷണികൂടി കണക്കിലെടുത്ത് തുടങ്ങിയ ക്യാമ്പുകലില്‍ ഗര്‍ഭിണികളും കുട്ടികളും വയോധികരും ഉള്‍പ്പെടെ എണ്ണായിരത്തോളം പേരുണ്ടെന്നാണ് വിവരം.