വയനാട് സുഗന്ധഗിരി മരമുറിക്കേസിൽ ഡിഎഫ്ഒ ഷജ്ന കരീമിന് അടക്കം 3 പേർക്കു കൂടി സസ്പെൻഷൻ

വയനാട് സുഗന്ധഗിരി മരമുറിക്കേസിൽ വയനാട് ഡിഎഫ്ഒയ്ക്ക് ഉൾപ്പെടെ 3 പേർക്കുകൂടി സസ്പെൻഷൻ. വന ഭൂമിയിൽ നിന്ന് 107 മരങ്ങൾ മുറിച്ചു കടത്തിയതിൽ സൗത്ത് വയനാട് ഡിവിഷൻ ഫോറസ്റ്റ് ഓഫിസർ ഷജ്ന കരീം, കൽപ്പറ്റ ഫ്ലയിങ് സ്ക്വാഡ് റേഞ്ച് ഓഫിസർ എം. സജീവൻ, ഗ്രേഡ് ഡെപ്യൂട്ടി ബീരാൻകുട്ടി എന്നിവരെക്കൂടി സസ്പെൻഡ് ചെയ്തു.  സംഭവത്തിൽ സസ്പെൻഷനിലാകുന്ന വനംവകുപ്പ് ജീവനക്കാരുടെ എണ്ണം ഇതോടെ ഒൻപതായി.

കേസിൻ്റെ മേൽനോട്ട ചുമതല നിർവഹിക്കുന്നതിൽ വീഴ്ചവരുത്തിയെന്ന് ചൂണ്ടികാട്ടിയാണ് ഡി.എഫ്.ഒക്കെതിരെയുള്ള നടപടി.ഡിഎഫ്ഒയോട് വിശദീകരണം പോലും തേടിയിട്ടില്ല.

‌ഡിവിഷനൽ ഫോറസ്റ്റ് ഓഫിസറും 2 റേഞ്ച് ഓഫിസർമാരും ഉൾപ്പെടെ 18 വനം വകുപ്പ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് ഉന്നതാന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇവർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ വനം അഡിഷനൽ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. പ്രതികളിൽനിന്ന് ഫോറസ്റ്റ് വാച്ചർ ആർ.ജോൺസൺ 52,000 രൂപ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുറിക്കേണ്ട മരങ്ങൾ കരാറുകാരന് കാണിച്ചു കൊടുത്തതുപോലും വനം ജീവനക്കാരാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

കൽപ്പറ്റ റെയ്ഞ്ച് ഓഫീസർ കെ.നീതുവിനെ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. ഇരുപതോളം മരങ്ങൾ മുറിക്കാനുള്ള അനുമതിയിൽ 107 മരങ്ങളാണ് മുറിച്ചുകടത്തിയത്. അനധികൃത മരംമുറി യഥാസമയം കണ്ടെത്താത്തതും വളരെ വൈകി കേസുകൾ റജിസ്റ്റർ ചെയ്തതും ജാഗ്രതയോടെ കേസ് അന്വേഷിക്കാത്തതും 91 മരങ്ങൾ അനധികൃതമായി മുറിച്ചുകടത്താൻ ഇടയാക്കിയതായും റെയ്ഞ്ചറുടെ ഭാഗത്തുനിന്നുള്ള ഗുരുതരവീഴ്ചയാണെന്നുമായിരുന്നു വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.

റെയ്ഞ്ച് ഓഫീസർ ജാഗ്രതയോടെ പ്രവർത്തിക്കാത്തതുകാരണം മുറിച്ച മുഴുവൻ കുറ്റികളും യഥാസമയം കണ്ടെത്താൻ സാധിച്ചില്ലെന്നും കുറ്റവാളികൾ തടി കടത്തിക്കൊണ്ടുപോകൽ തുടർന്നെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്. അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഡിഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് കെ. നീതുവിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയത്.

കാർഡമം പദ്ധതിയുടെ ഭാഗമായി ആദിവാസികൾക്ക് പതിച്ചുനൽകിയ ഭൂമിയിൽനിന്നാണ് വനംവകുപ്പിലേക്ക് നിക്ഷിപ്തമായ മരങ്ങൾ മുറിച്ചുകടത്തിയത്. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഫോറസ്റ്റ് കൺസർവേറ്ററുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണംനടത്തിയത്.

നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവലിനാണ് സൗത്ത് വയനാട് ഡിവിഷന്റെ താൽക്കാലിക ചുമതല. ഫ്ലൈയിങ് സ്ക്വാഡിന്റെ താൽക്കാലിക ചുമതല താമരശ്ശേരി ആർഒ വിമലിനാണ്.

Wayanad DFO Sajna Karim Suspended over Sugandha Giri Tree felling case

More Stories from this section

family-dental
witywide