
കല്‍പ്പറ്റ: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ വയനാട്ടില്‍ രണ്ടിടങ്ങളിലായി ഉരുള്‍പൊട്ടല്‍. മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമാണ് വന്‍ ഉരുള്‍പൊട്ടലുണ്ടായത്. പുലര്‍ച്ചെ ഒരു മണിയോടെ കനത്ത മഴയ്ക്കിടെയായിരുന്നു ദുരന്തം. നിലവില്‍ ഏഴോളം മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഉയര്‍ന്നേക്കും.
മുമ്പ് പുത്തുമല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ. ഇന്നലെ രാവിലെ മുതല്‍ ശക്തമായ മഴയായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. മേപ്പാടി പഞ്ചായത്തിലാണ് മുണ്ടക്കൈ, ചൂരല്‍മല , പുത്തുമല പ്രദേശങ്ങള്‍ സ്ഥിതി ചെയ്യുന്നത്.
മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡും ചൂലര്‍മല പാലവും ഒലിച്ചുപോയി. മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയതായും വിവരമുണ്ട്. ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല എന്നതും വെല്ലുവിളിയാണ്. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണിയോടെ വലിയ ശബ്ദത്തോടെ ഉരുള്‍പൊട്ടിയെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വലിയ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഓടിരക്ഷപ്പെട്ടു. കിലോമീറ്ററോളം സ്ഥലത്ത് വന്‍നാശനഷ്ടമാണുണ്ടായിരിക്കുന്നത്.
ചൂരല്‍മല വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ വന്‍ മണ്ണിടിച്ചിലുണ്ടായതായും ആളുകള്‍ മണ്ണിനടിയില്‍പ്പെട്ടു കിടക്കുന്നതായി സംശയമുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. വയനാട്ടില്‍ അതിശക്തമായ മഴ തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിസൃഷ്ടിച്ചിട്ടുണ്ട്.