മേപ്പാടി: വയനാട് ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലും ചൂരല്‍മലയിലും കുടുങ്ങിക്കിടക്കുന്നവരെ കിടക്കുന്നവരെ രക്ഷപ്പെടുത്താൻ സജ്ജരായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടു. സൈനികരും എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളായാണ് രക്ഷാപ്രവര്‍ത്തകരുള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും. നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിനായി നിർമിക്കുന്ന ബെയിലി പാലത്തിന്‍റെ ഭാഗങ്ങൾ എത്തുന്നത് ഡൽഹിയിൽ നിന്നാണ്. പാലം നിർമ്മിക്കുന്നതിനുള്ള ഉപകരണങ്ങളിൽ കരമാർഗമുള്ളവ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. വിമാനമാർഗം കൊണ്ടുവരേണ്ടത് രാവിലെ കൊണ്ടുവരും. ഹിറ്റാച്ചിയടക്കമുള്ള യന്ത്രങ്ങൾ എത്തിക്കാൻ ബെയ്ലി പാലം ആവശ്യമാണ്. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക. മഴ മാറി നില്‍ക്കുന്നത് ആശ്വാസം നല്‍കുന്നുണ്ടെന്നും പുഴയിലെ ഒഴുക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
കണ്ണൂർ പ്രതിരോധ സുരക്ഷാസേന (ഡി.എസ്.സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും. ചൂരല്‍മലയെയും മുണ്ടക്കൈയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഏകയാത്രാ മാർഗമായിരുന്ന പാലവും റോഡും മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയിരുന്നു. ഇന്ന് രാവിലെ മുതൽ കുടുങ്ങി കിടക്കുന്നവരെ പാലത്തിലൂടെയും മൃതദേഹങ്ങൾ റോപ്പ് വഴിയും സൈന്യം മറുകരയിൽ എത്തിക്കുന്നുണ്ട്.