വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരുമാസം… നഷ്ടപരിഹാരം വാങ്ങാന്‍ പോലും ആരും ശേഷിക്കാതെ 58 കുടുംബങ്ങള്‍

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് ഇന്ന് ഒരുമാസം. ജീവിക്കാനുള്ള അവകാശം പോലും തച്ചുടയ്ക്കപ്പെട്ട് പ്രകൃതി ഭൂമുഖത്തുനിന്നും തുടച്ചു നീക്കിയത് 58 കുടുംബങ്ങളെ. നഷ്ടപരിഹാരം പോലും വാങ്ങാന്‍ ആരുമില്ലാതെ ഈ കുടുംബങ്ങളിലെ എല്ലാവരും ഉരുളില്‍ ഒലിച്ചുപോയി.

മരിച്ചവരുടെ ആശ്രിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കാന്‍ ഈ കുടുംബങ്ങളില്‍നിന്ന് ആരുമെത്തിയില്ലെന്നത് വേദന സമ്മാനിക്കുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 6 ലക്ഷവും പിഎംഎന്‍ആര്‍ ഫണ്ടില്‍നിന്നുള്ള 2 ലക്ഷവും അടക്കം 8 ലക്ഷം രൂപയാണ് അടുത്ത ബന്ധുവിന് ലഭിക്കേണ്ടത്. എന്നാല്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായ 270 പേരില്‍ 58 പേര്‍ക്ക് അടുത്ത ബന്ധുക്കളായി ആരും ഉണ്ടായിരുന്നില്ല.

മരിച്ചവരുടെ ആശ്രിതരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരായതിനാല്‍ ഇവര്‍ക്ക് തുക കൈ മാറാന്‍ ഇനി പ്രത്യേക ഉത്തരവിറക്കേണ്ടതുണ്ട്.

ഇതിനോടകം 93 പേരുടെ ആശ്രിതര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ വിഹിതമായ 6 ലക്ഷം രൂപ നല്‍കി. 12 കേസുകളില്‍ അടുത്ത ബന്ധുവിനെ നിശ്ചയിക്കുന്നതില്‍ തര്‍ക്കമുണ്ട്. തര്‍ക്കങ്ങളുള്ള കേസുകളില്‍ അനന്തരാവകാശികളാരെന്നു കൃത്യമായി നിര്‍ണയിച്ചശേഷമേ തുക കൈമാറാനാകൂ. അവകാശ സര്‍ട്ടിഫിക്കറ്റിന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നുമാസത്തെ കാത്തിരിപ്പ് ആവശ്യമാണ്. മാത്രമല്ല, ഏഴ് ഇതര സംസ്ഥാനക്കാരുടെ ആശ്രിതര്‍ക്കും പണം നല്‍കേണ്ടതുണ്ട്.

അതേസമയം, ജൂലൈ 30ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ട 60 പേരെ ഡി.എന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞിട്ടുണ്ട്. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലാബോട്ടറിയിലാണ് പരിശോധന നടത്തിയത്. ഒരാളുടെ തന്നെ ഒന്നില്‍ കൂടുതല്‍ ശരീര ഭാഗങ്ങള്‍ ലഭിച്ചതായി പരിശോധനയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അവകാശികളില്ലാത്ത മൃതദേഹങ്ങളും ശരീര ഭാഗങ്ങളും പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ നല്‍കിയാണ് സംസ്‌കരിച്ചത്. ഡി.എന്‍.എ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ കാണാതായ 60 പേരെ തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അവരുടെ വിലാസവും മറ്റ് വിശദാംശങ്ങളും കൃത്യമായി ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

ഡി.എന്‍.എ പരിശോധയില്‍ തിരിച്ചറിയപ്പെട്ട മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ലഭിക്കുന്നതിന് അവകാശികള്‍ അപേക്ഷ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കൂടിയായ മാനന്തവാടി സബ് കളക്ടര്‍ക്ക് നല്‍കിയാല്‍ അവ പുറത്തെടുക്കുന്നതിനും കൈമാറുന്നതിനും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന് അധികാരം നല്‍കിയിട്ടുണ്ട്. ശരീരത്തില്‍ നിന്ന് കണ്ടെടുത്ത ഭൗതിക വസ്തുക്കള്‍ സംബന്ധിച്ചും ആവശ്യമായ ഉത്തരവുകള്‍ എസ്.ഡി.എംന് പുറപ്പെടുവിക്കാം. മൃതദേഹങ്ങളും ശരീരഭാഗങ്ങളും നിലവില്‍ സംസ്‌കരിച്ച സ്ഥലത്ത് തുടരാന്‍ ആഗ്രഹിക്കുന്ന ബന്ധുക്കള്‍ക്ക് അതിനുള്ള സൗകര്യവും ചെയ്യും. മരിച്ചയാളുടെ പേരും മറ്റ് വിശദാംശങ്ങളും ഉപയോഗിച്ച് തിരിച്ചറിയല്‍ അടയാളങ്ങള്‍ സ്ഥാപിക്കാന്‍ ബന്ധുക്കളെ അനുവദിക്കുമെന്നും ജില്ലാ കളക്ടറുടെ ഉത്തരവിലുണ്ട്.

More Stories from this section

family-dental
witywide