കേരളത്തിന്റെ ചരിത്രത്തിലെ തന്നെ വലിയ പ്രകൃതി ദുരന്തങ്ങളിൽ ഒന്നായ വയനാട്ടിലെ ഉരുൾപ്പൊട്ടലിൽ നടുങ്ങി സംസ്ഥാനം. എത്രപേർ എവിടെയൊക്കെ മരിച്ചോ പാതി ജീവനുമായോ കിടക്കുന്നു എന്ന് അറിയാതെ കേരളം. ഒരുവലിയ മല മുഴുവൻ ഇടിഞ്ഞ് ഒഴുകി വന്നിരിക്കുകയാണ്. ഒരുപാട് പേർ മണ്ണിനടിയിലുണ്ട്. ദുരന്ത മേഖലയിലേക്ക് എത്താൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു വലിയ പ്രദേശം മുഴുവൻ തകർന്ന് അടിഞ്ഞ് കിടക്കുകയാണ്.
ഇതുവരെ കണ്ടെത്തിയത് 19 മൃതദേഹങ്ങൾ. ദുരന്തത്തിന്റെ വ്യാപ്തി ഇതുവരെ വ്യക്തമായിട്ടില്ല. നാശം ഉണ്ടായ ചൂരൽ മലയും മുണ്ടക്കൈയും ഒറ്റപ്പെട്ടുകിടക്കുകയാണ്. അവിടേക്കെത്താൻ ആകാശമാർഗം മാത്രമേ സാധിക്കൂ. എൻഡിആർഫ് സംഘം പുഴയ്ക്ക് താൽകാലിക പാലം നിർമിച്ച് അവിടേക്കെത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കണ്ണൂരിൽ നിന്ന് ഇന്ത്യൻ ആർമി സംഘം വയനാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
ദുരന്തം നടന്ന ഭാഗത്തിനു താഴ് ഭാഗത്തുള്ള നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് പുഴയില്‍ പലയിടങ്ങളില്‍ നിന്നായി ആറു പേരുടെ മൃതദേഹഭാഗങ്ങള്‍ ഒഴുകിയെത്തി.ഒരു കുട്ടിയുടേത് ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹം രാവിലെ തന്നെ കണ്ടെടുത്തു. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ഒലിച്ചു വന്നതാണെന്നാണ് നിലവിലെ നിഗമനം. വയനാടിന്റെ അതിർത്തി മേഖലയാണ് പോത്തുകൽ. ചാലിയാർ വനത്തിലൂടെ ശക്തമായ ഒഴുക്കില്‍ മൃതശരീരങ്ങൾ പോത്തുകൽ മേഖലയിലെത്തിയതെന്ന് സംശയിക്കുന്നു. വെള്ളിലമ്പാറ കോളനിയിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. വയനാട് മേപ്പാടി വിംസ് ആശുപത്രി പരുക്കേറ്റവരെ കൊണ്ട് നിറയുകയാണ്.
Wayanad landslide huge causalities