
വയനാട്: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട് ഉരുള്‍പൊട്ടൽ ദുരന്തം നേരിടാൻ അടിയന്തര നടപടികളുമായി സർക്കാർ. പരിക്കേറ്റവർക്കായി പ്രദേശത്ത് താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ചൂരൽമല പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലുമാണ് താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നത്. ഇതുവരെ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 250 പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് നിലവിലെ വിവരമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം രക്ഷാദൗത്യത്തിന് 200 സൈനികരടങ്ങിയ രണ്ട് സംഘങ്ങൾ സ്ഥലത്തേക്ക് എത്തുകയാണ്. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും കോഴിക്കോട് നിന്ന് ടെറിട്ടോറിയൽ ആർമിയിലെ സൈനികരും രക്ഷാപ്രവര്‍ത്തനത്തിനെത്തും. സുലൂരിൽ നിന്ന് രണ്ട് ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനായി എത്തി. അതിനിടെ, നേവിയുടെ 50 അംഗ സംഘവും എത്തിയിട്ടുണ്ട്. ഇന്ത്യൻ നേവിയുടെ റിവർ ക്രോസിംഗ് ടീമാണ് വയനാട്ടിൽ എത്തിയത്. ഏഴിമല നാവിക അക്കാദമിയിലെ നേവി സംഘത്തിൽ മെഡിക്കൽ വിദഗ്ധരുമുണ്ടാകും. എന്നാൽ അതിശക്തമായ മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.