
കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 365 ആയി. ഇന്ന് നാല് മൃതദേഹങ്ങൾ കൂടി ലഭിച്ചതായി മന്ത്രിതല ഉപസമിതി അറിയിച്ചു. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചെന്നും സ്ഥിരീകരണമായിട്ടുണ്ട്. തിരിച്ചറിയപ്പെട്ട 146 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും.
അതേസമയം മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടക്കുന്നത്. ദുരിതബാധിതർക്ക് ആശ്വാസമാകാൻ നടൻ മോഹൻലാൽ ലഫ്റ്റണന്‍റ് കേണലായി ദുരന്ത ഭൂമിയിലെത്തി. വയനാട് രക്ഷാദൗത്യം അവസാനഘട്ടത്തിലാണ്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം അറിയിച്ചു. അതിനിടെ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് മൊത്തം നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കുകയും ചെയ്തു. അതിനിടെ മേഖലയിൽ എല്ലാവർക്കും സൗജന്യ റേഷനും അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.
ആശ്വാസധനം അനുവദിക്കുന്നതിന് നാലു കോടി
മുണ്ടക്കൈ – ചൂരൽമല – അട്ടമല ഉരുൾപൊട്ടലിൽ മരണമടഞ്ഞവരുടെ ആശ്രിതർക്ക് ആശ്വാസ ധനസഹായം നൽകുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്നും ജില്ലാ കളക്ടർക്ക് നാല് കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡ പ്രകാരമാണ് തുക വിനിയോഗിക്കേണ്ടത്. സി എം ഡി ആർ എഫ് കൈകാര്യം ചെയ്യാൻ ധനവകുപ്പിൽ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുകയും ചെയ്തു. ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യാനാണ് ഇത്. ധനവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ചുമതലയോടെയാണ് നിയമനം. വയനാട് മുന്‍ കളക്ടറായിരുന്ന എ ഗീത ഐഎഎസിനാണ് ചുമതല. ദുരിതാശ്വാസത്തിന് ക്യൂ ആർ കോഡ് സംവിധാനം ഒഴിവാക്കിയിട്ടുണ്ട്. ദുരുപയോഗം ചെയ്യുന്നതിനാലാണ് തീരുമാനം. യു പി ഐ ഐഡി വഴി സഹായം നൽകാം.
മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ എല്ലാവർക്കും റേഷൻ സൗജന്യം
വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചുരൽമല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷൻകടകളിലെ മുഴുവൻ ഗുണഭോക്താക്കൾക്കും ആഗസ്റ്റ് മാസത്തെ റേഷൻ വിഹിതം പൂർണ്ണമായും സൗജന്യമായി നൽകുന്നതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗക്കാർക്ക് നിലവിൽ സൗജന്യമായും മുൻഗണനേതര വിഭാഗക്കാർക്ക് ന്യായവിലയ്ക്കുമാണ് റേഷൻ നൽകി വരുന്നത്. ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചുരൽമല എന്നിവിടങ്ങളിലെ മുൻഗണനേതര വിഭാഗക്കാരായ നീല, വെള്ള കാർഡുകളിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഗുണഭോക്താക്കൾക്കും കൂടി പൂർണ്ണമായും സൗജന്യമായി റേഷൻ വിഹിതം നൽകാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.