വയനാട്ടിലെ മഹാദുരന്തത്തിൽ മരണം 316 ആയി; മുന്നൂറോളം പേര്‍ കാണാമറയത്ത്, 29 കുട്ടികളും

മേപ്പാടി: വയനാട് ജില്ലയിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. മേഖലയിൽ ഇനിയാരും ജീവനോടെ കുടുങ്ങിക്കിടക്കാന്‍ സാധ്യതയില്ലെന്നാണു സൈന്യത്തിന്റെ നിഗമനമെങ്കിലും തിരച്ചിൽ ഇപ്പോഴും ഊർജിതമാണ്. സൈന്യവും എൻഡിആർഎഫും സംസ്ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്തമായാണു തിരച്ചിൽ നടത്തുന്നത്.

കാണാതായവരിൽ 29 പേർ കുട്ടികളാണ്. ദുരിതാശ്വാസ ക്യാംപുകളിൽ 2328 പേരുണ്ട്. നൂറിലധികം മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കൂടുതൽ പേർ ഉണ്ടെന്ന് കരുതുന്ന 15 സ്പോട്ടുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്. വീടുകൾ ഉൾപ്പെടെ 348 കെട്ടിടങ്ങളെ ഉരുൾപൊട്ടൽ ബാധിച്ചതായാണ് വിവരം.

സൈന്യം നിർമിച്ച ബെയ്‌ലി പാലം കഴിഞ്ഞരാത്രിയാണ് തുറന്നത്. ഇത് രക്ഷാപ്രവർത്തനത്തെ കൂടുതൽ ഊർജിതമാക്കി. സൈന്യത്തിന്റെ എൻജിനിയറിങ് വിഭാ​ഗം 40 മണിക്കൂർ കൊണ്ടാണ് പാലം നിർമാണം പൂർത്തിയാക്കിയത്. 190 അടി നീളത്തിലാണ് പാലം നിർമ്മിച്ചിട്ടുള്ളത്. 24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാകും.10 അടി വലിപ്പമുള്ള ഗർഡറുകൾ ഉപയോഗിച്ചാണ് പാലം നിർമിച്ചിട്ടുള്ളത്.

അതേസമയം, സംസ്ഥാനത്തു മഴയുടെ തീവ്രത കുറയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നു മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. മറ്റു ജില്ലകളിൽ ഒറ്റപ്പെട്ട മഴ സംബന്ധിച്ച ഗ്രീൻ അലർട്ടാണുള്ളത്.

വയനാടിനു പുറമേ കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പാലക്കാട് ജില്ലയിൽ പ്ലസ് ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇടുക്കിയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന ഖജനപാറ ജിഎച്ച്എസ്എസ്, ചിത്തിരപുരം ജിഎച്ച്എസ് എന്നീ സ്കൂളുകൾക്കും ഇന്ന് അവധിയാണ്.

More Stories from this section

family-dental
witywide