മേപ്പാടി: ചൂരൽമലയിലെ ബെയ്‌ലി പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി. സൈനിക മേധാവിയുടെ വാഹനം കയറ്റി ഭാരപരിശോധന പൂർത്തിയാക്കിയ പാലം തുറന്ന് കൊടുത്തു. ചരിത്ര ദൗത്യം 24 മണിക്കൂറിനുള്ളിലാണ് പാലത്തിൻ്റെ പൂർത്തിയാക്കി ആർമി. ഉരുൾപൊട്ടലിൽ ചൂരൽമലയിലെ പാലം തകർന്നതോടെ മുണ്ടക്കൈയിലേക്ക് എത്താൻ രക്ഷാപ്രവർത്തകർക്ക് കഴിയാതായതിനെ തുടർന്ന് സൈന്യം നിർമിച്ച നടപ്പാലത്തിലൂടെയാണ് രക്ഷാപ്രവർത്തകർ അവിടേക്കെത്തിയത്. എന്നാൽ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടം ഇപ്പോഴും ഒറ്റപ്പെട്ടുകിടക്കുകയാണ്.
മുണ്ടക്കൈ അങ്ങാടിയിൽ നിന്ന് പുഞ്ചിരിമട്ടത്തേക്ക് നേരത്തെ ഉണ്ടായിരുന്നത് രണ്ടര കിലോമീറ്റർ ദൂരമാണ്. എന്നാൽ ഇപ്പോൾ അത്രയും ദൂരം താണ്ടിയാൽ മതിയാകില്ല എന്ന അവസ്ഥയാണ്. ഇരുപ്രദേശങ്ങളെും ബന്ധിപ്പിക്കുന്ന, നേരത്തെ ഉണ്ടായിരുന്ന റോഡിന്റെ ഒരു ഭാഗം മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. ആദ്യ രണ്ട് ദിവസങ്ങളിൽ യന്ത്രങ്ങൾ എത്താതിരുന്നതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. പുഴയിൽ വെള്ളം കുറഞ്ഞ സമയത്ത് മൂന്ന് മണ്ണുമാന്ത്രി യന്ത്രങ്ങൾ ചൂരൽമലയിൽനിന്ന് അക്കരെയെത്തിക്കാൻ സാധിച്ചു. ഇന്നലെ രണ്ടു വലിയ മണ്ണുമാന്തികൾ കൂടി അവിടെയെത്തി. മണ്ണും ചെളിയും നീക്കിയശേഷം അവ മലയോരത്തുകൂടി മുകളിലേക്ക് കയറിയത്.
മണ്ണിടിച്ചിൽ തുടങ്ങിയ പുഞ്ചിരിമട്ടം ഒരു വീടുപോലുമില്ലാതെ തകർന്ന് തരിപ്പണമായി. ജനവാസ കേന്ദ്രമായിരുന്ന പുഞ്ചിരിമട്ടത്ത് ഇപ്പോൾ അവശേഷിക്കുന്നത് വെറും കല്ലും മണ്ണും മാത്രമാണ്. ഉരുൾപൊട്ടലിനുശേഷം പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ പ്രദേശം. ആദ്യ ഉരുൾപൊട്ടലിനുശേഷം കുറച്ച് ആളുകളെ ഇവിടെ നിന്നു മാറ്റാൻ കഴിഞ്ഞിരുന്നു. രക്ഷാപ്രവർത്തനത്തിന് ഇടയിൽ രാവിലെ നാലിനു വീണ്ടും ഉരുൾപൊട്ടുകയായിരുന്നു.