കല്‍പ്പറ്റ: നിമിഷങ്ങള്‍ക്കൊണ്ട് ഒരു നാടാകെ ദുരന്ത ഭൂമിയായി മാറുകയായിരുന്നു. അര്‍ദ്ധരാത്രിയുടെ മറവില്‍ സംഭവിക്കുന്നത് എന്താണെന്ന് പോലും തിരിച്ചറിയിനാകുംമുമ്പ് ഒരു പ്രദേശമാകെ ചെളിയും കല്ലും മണ്ണും കൊണ്ട് നിറഞ്ഞു. പലരും മണ്ണിനടിയിലായി. മരണമെത്തുന്നതുപോലും ഉറക്കത്തിനിടെ അറിയാനാകാതെ പോയവരും വയനാടിന്റെ കണ്ണീരിന് ഉപ്പ് കൂട്ടുന്നു.
ചൂരല്‍മലയും മടിക്കൈയും അടക്കമുള്ള പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോയതിനാല്‍ രക്ഷാ പ്രവര്‍ത്തനവും ദുരിതമായി മാറി. ചൂരല്‍മല-മുണ്ടക്കൈ റോഡും ചൂലര്‍മല പാലവും ഒലിച്ചുപോയി. മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് ആദ്യം എത്തിയ വിവരം. പരുക്കേറ്റവരെക്കൊണ്ട് സമീപത്തെ ആശുപത്രികള്‍ നിറഞ്ഞു. നിരവധി വാഹനങ്ങള്‍ ഒഴുകിപ്പോയതായും വിവരമുണ്ട്.
ആളുകള്‍ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനാകുന്നില്ല എന്ന വെല്ലുവിളി മറികടക്കാന്‍ രക്ഷാപ്രവര്‍ത്തനത്തിന് ഡ്രോണുകളും ഡോഗ് സ്‌ക്വാഡും രംഗത്തിറങ്ങും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഉരുള്‍പൊട്ടല്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സൈന്യത്തിന്റെ എഞ്ചിനീയറിംഗ് ഗ്രൂപ്പും അടിയന്തരമായി വയനാട്ടിലെത്തും. ഉരുള്‍പൊട്ടലില്‍ പാലം തകര്‍ന്ന സാഹചര്യത്തില്‍ ബദല്‍ സംവിധാനം അടക്കമുള്ള കാര്യങ്ങള്‍ സൈന്യത്തിന്റെ എഞ്ചിനീയറിംഗ് വിഭാഗം നടപ്പാക്കും. സൈന്യത്തിന്റെ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പ് (MEG) ബാഗ്ലൂരില്‍ നിന്നാണ് എത്തുക.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം റവന്യു സെക്രട്ടറി സൈന്യത്തിന്റെ കേരള – കര്‍ണാടക ചുമതലയുള്ള മേജര്‍ ജനറല്‍ വി.ടി. മാത്യൂസുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ണായക തീരുമാനം.