കൽപറ്റ: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രമായി മാറുകയാണ് വെള്ളർമല സ്കൂൾ. ദുരന്തത്തിനു മുൻപും ശേഷവും ഉള്ള വെള്ളർമല സ്കൂളിന്റെ സ്കൂളിന്റെ ചിത്രം സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായി മാറിയിട്ടുണ്ട്. ദുരന്തം വലിയ കെടുതിയായി മാറിയ ഈ പ്രാദേശത്ത് നിരവധി ജീവനുകളാണ് നഷ്ടമായത്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത വെള്ളർമല സ്കൂളിലെ 22 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നതാണ്. കുട്ടികളെ കാണാനില്ലാത്തതിന്റെ ആശങ്ക പങ്കുവെച്ച് വെള്ളർമല വിഎച്ച്എസ്‍സിയിലെ പ്രിൻസിപ്പൽ ഭവ്യ ടീച്ചർ തന്നെ രംഗത്തെത്തി.
ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ 582 കുട്ടികളാണിവിടെ ഉള്ളതെന്നും അവരിൽ 22 കുട്ടികളെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നുമാണ് ടീച്ചർ പറയുന്നത്. ‘ദുരന്തം അറിഞ്ഞതിനു പിന്നാലെ മൂന്നര മണിമുതൽ കുട്ടികളെ വിളിക്കുന്നതാണ്.നേരത്തെ 39 കുട്ടികളെ കിട്ടുന്നില്ലായിരുന്നു വിവരം. എന്നാൽ പിന്നീട് 17 പേരെ ബന്ധപ്പെടാനായി. ഇപ്പോൾ 22 കുട്ടികളെക്കുറിച്ചാണ് യാതൊരു വിവരവുമില്ലാത്തതെന്നാണ് ഭവ്യ ടീച്ചർ പറയുന്നത്. അവരുടെ ക്ലാസ് ടീച്ചേഴ്സ് നിരന്തരം വിളിച്ചു കൊണ്ടിരിക്കുകയാണ്. ബാക്കി കുട്ടികളെല്ലാവരും സേഫാണ്. വളരെ ദയനീയ അവസ്ഥയാണിവിടെ. ഇവിടെ കറന്റില്ല. ചിലപ്പോൾ അവരുടെ ഫോൺ നഷ്ടപ്പെട്ടതായേക്കാം, അല്ലെങ്കിൽ ചാർജ് തീർന്നു പോയതാകാം എന്നും ഭവ്യ ടീച്ചർ വിവരിച്ചു.
15 വര്‍ഷമായി വെള്ളര്‍മല സ്കൂളിലെ അധ്യാപികയാണ് ഭവ്യടീച്ചര്‍. ഈ 22 കുട്ടികളും ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ താമസിക്കുന്നവരാണെന്നും ടീച്ചര്‍ വ്യക്തമാക്കി. ഇന്നലെ സ്കൂളില്‍ ദുരിതാശ്വാസ ക്യാംപുണ്ടായിരുന്നു. 13 പേരാണ് ഉണ്ടായിരുന്നത്. അവരെ പിന്നീട് മറ്റൊരു ക്യാംപിലേക്ക് മാറ്റി. അവിടെ താമസിച്ച് പഠിപ്പിക്കുന്ന അധ്യാപകരെല്ലാം സുരക്ഷിതരാണെന്നും ടീച്ചര്‍ പറഞ്ഞു.
വയനാട് മുണ്ടക്കൈയില്‍ ഇന്ന് രാവിലെ 2 മണിക്കുണ്ടായ ഉരുള്‍പൊട്ടലില്‍ 73 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഇതുവരെയുള്ള വിവരം. ഇതിൽ 28 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിരവധി വീടുകളും വാഹനങ്ങളും ഒലിച്ചു പോയി. അക്ഷരാര്‍ത്ഥത്തില്‍ ദുരന്തഭൂമിയായി മാറിയിരിക്കുകയാണ് വയനാട്. രക്ഷാപ്രവര്‍ത്തനം പുരോഗോമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്.