മുണ്ടക്കൈ ദുരിത ബാധിതര്‍ക്ക് പുഴുവരിച്ച ഭക്ഷ്യവസ്തുകള്‍ നൽകിയെന്ന് പരാതി; മേപ്പാടിയിൽ പ്രതിഷേധം

വയനാടിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ പുഴുവരിച്ചതെന്നു പരാതി. കഴിഞ്ഞ ദിവസം മേപ്പാടി പഞ്ചായത്ത് വിതരണംചെയ്ത ഒരുകൂട്ടം കിറ്റിലാണ് ഉപയോഗശൂന്യമായ വസ്തുക്കള്‍ കണ്ടത്. ഇതോടെ ദുരന്തബാധിതര്‍ പരാതിയുമായി എത്തുകയായിരുന്നു.സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് മേപ്പാടി പഞ്ചായത്ത് പ്രസിഡന്റിന്റെ ഓഫിസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും ദുരന്തബാധിതരും പ്രതിഷേധിച്ചു. ഓഫീസിനുള്ളില്‍ കയറി പ്രതിഷേധിച്ച ആളുകളെ പോലീസ് ബലം പ്രയോഗിച്ച് നീക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.

അരി, മൈദ, വസ്ത്രങ്ങള്‍ എന്നിവയെല്ലാമാണ് കിറ്റിലുണ്ടായിരുന്നത്. പുഴുവരിച്ച് കട്ടപിടിച്ച നിലയിലായിരുന്നു അരി. പൂപ്പല്‍പിടിച്ച് പഴകി മണക്കുന്നതായിരുന്നു വസ്ത്രങ്ങള്‍. ഓണത്തിന് മുമ്പ് എത്തിയ കിറ്റാണിതെന്നും പഞ്ചായത്ത് അധികൃതര്‍ വിതരണം ചെയ്യാന്‍ വൈകിയതാണ് പ്രശ്‌നകാരണമെന്നും മേപ്പാടി പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.

ദുരന്ത ബാധിതര്‍ക്ക് നല്‍കിയത് സന്നദ്ധ സംഘടനകളും റവന്യൂ വകുപ്പും നല്‍കിയ ഭക്ഷ്യ കിറ്റുകളാണ് എന്നാണ് മേപ്പാടി പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. സംഭവത്തില്‍ റവന്യൂ മന്ത്രി ജില്ലകളക്ടറോട് റിപ്പോര്‍ട്ട് തേടി. ഉത്തരവാദികള്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഭക്ഷ്യ വകുപ്പും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സന്നദ്ധ സംഘടനള്‍ നല്‍കിയ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉത്തരവാദിത്തമില്ലെന്നാണ് ഭക്ഷ്യ വകുപ്പിന്റെ നിലപാട്.

എന്നാല്‍, അരി നൽകിയത് റവന്യൂ വകുപ്പെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രതികരിച്ചു. ജില്ലയിലെ മികച്ച പ്രവർത്തനം നടത്തുന്ന പഞ്ചായത്താണ് മേപ്പാടിയിലേത് . എവിടെയാണ് വീഴ്ച്ച വന്നതെന്ന് പരിശോധിക്കണമെന്നും, കൃത്യമായ നടപടി സ്വീകരിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.

റവന്യൂവകുപ്പും സന്നദ്ധ സംഘടനകളും നല്‍കിയ ഉപയോഗശൂന്യമായ കിറ്റ് ജില്ലാ ഭരണകൂടം പഞ്ചായത്തിന്റെ തലയില്‍ കെട്ടിവെച്ചതാണെന്നും അവിടത്തെ ഉദ്യോഗസ്ഥരാണ് ഇതിന് ഉത്തരവാദികളെന്നും പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി. ഡി.വൈ.എഫ്.ഐക്ക് പുറമെ ബിജെപിയും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ പോലീസുമായി കൈയ്യാങ്കളിയിലുമെത്തി.

Wayanad landslide victims got rotten rice and food materials

More Stories from this section

family-dental
witywide