ന്യൂഡല്‍ഹി: പലസ്തീന്‍ എന്നെഴുതിയ ബാഗുമായി ഇന്നലെ പാര്‍ലമെന്റിലെത്തിയതിന്റെ പേരില്‍ തനിക്കെതിരെ ബിജെപി നടത്തുന്ന പ്രതിഷേധം ‘സാധാരണ പുരുഷാധിപത്യം’ എന്ന് വിശേഷിപ്പിച്ച് വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി.
‘ഞാന്‍ ഇപ്പോള്‍ എന്ത് വസ്ത്രം ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുക? സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് പുരുഷന്മാര്‍ തീരുമാനിക്കുന്നത് സാധാരണ പുരുഷാധിപത്യമാണെന്നും തനിക്ക് അതിനോട് വിയോജിപ്പാണെന്നും പ്രിയങ്ക വ്യക്തമാക്കി. എനിക്ക് വേണ്ടത് ഞാന്‍ ധരിക്കും- അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ പാര്‍ലമെന്റില്‍ വലിയ ബഹളത്തിന് കാരണമായ ബാഗിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ നിലപാട് വ്യക്തമാക്കുന്ന മറുപടി.
്
വയനാട് എംപി ഇന്നലെ പാര്‍ലമെന്റിലേക്ക് കൊണ്ടു പോയ ബാഗില്‍ പാലസ്തീന്‍ എന്ന് എഴുതിയിരുന്നു. ഫലസ്തീനുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകമായ തണ്ണിമത്തന്റെ ചിത്രവും അതില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് ശേഷം പാലസ്തീനെതിരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണത്തിനെതിരെ പ്രിയങ്ക ശബ്ദമുയര്‍ത്തിയിരുന്നു.