വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇല്ലാതായ വലിയ ജനവാസമേഖലയ്ക്കു പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതുസംബന്ധിച്ച ചര്‍ച്ചകള്‍ ഭരണതലത്തില്‍ ആരംഭിച്ചുകഴിഞ്ഞുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുനരധിവാസ പദ്ധതി ഏറ്റവും മാതൃകാപരമായ രീതിയില്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവര്‍ത്തിക്കും.
വെള്ളാര്‍മല സ്‌കൂളിനേയും അനേകം വിദ്യാര്‍ത്ഥികളെ ദുരന്തം കൊണ്ടുപോയി. ഇപ്പോഴത്തെ പ്രതിസന്ധി കാരണം കുട്ടികളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരാന്‍ പാടില്ല. ആവശ്യമായ സംവിധാനങ്ങള്‍ ഉടൻ ഏര്‍പ്പെടുത്തും. അതിനു നേതൃത്വം നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രി വയനാട്ടിലെത്തും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള അഭ്യര്‍ത്ഥനയ്ക്കു വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. സി എം ഡി ആര്‍ എഫ് സംഭാവനകള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിന് ധനവകുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ചുമതല നല്‍കി സംവിധാനമൊരുക്കും.
സഹായവാഗ്ദാനങ്ങൾ ഏകോപിപ്പിക്കാന്‍ വയനാട് മുന്‍ കളക്ടര്‍ കൂടിയായ ജോയിന്റ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ ഗീതയുടെ നേതൃത്വത്തിൽ ‘ഹെല്‍പ്പ് ഫോര്‍ വയനാട് സെല്‍’ രൂപീകരിക്കും. ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസത്തിനായി സഹായങ്ങള്‍ നല്‍കാന്‍ തയ്യാറുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന് മാത്രമായി letushelpwayanad@gmail. com എന്ന ഇമെയില്‍ ഐഡി ആവിഷ്കരിച്ചിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട കോളുകള്‍ സ്വീകരിക്കുന്നതിനും മറുപടി നല്‍കുന്നതിനുമായി ഒരു കോള്‍ സെന്ററും സ്ഥാപിക്കും. ഈ ആവശ്യത്തിനായി 9188940013, 9188940014, 9188940015 എന്നീ നമ്പറുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ലാന്‍ഡ് റവന്യു കമീഷണറേറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കോള്‍ സെന്റര്‍ കൈകാര്യംചെയ്യും.
Wayanad Rehabilitation: a township will be built in a safe place says Chief Minister