ഒരു മൃതദേഹം സംസ്‌കരിക്കാൻ 75,000, വസ്ത്രത്തിന് 11 കോടി, വോളണ്ടിയർമാർക്ക് 14 കോടി; വയനാട് കണക്കിൽ വിവാദം; കേന്ദ്രത്തിന് കൊടുത്ത എസ്റ്റിമേറ്റെന്ന് മന്ത്രി

കൽപ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ രക്ഷാപ്രവർത്തനങ്ങൾക്കായി സര്‍ക്കാര്‍ ചെലവാക്കിയ തുകയെന്ന നിലയിൽ പുറത്തുവന്ന കണക്കിൽ വിവാദം കത്തുന്നു. ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ ചെലവായെന്നും ഇതു പ്രകാരം 359 മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി 2 കോടി 76 ലക്ഷം ചെലവിട്ടെന്നുമാണ് കണക്കുകൾ പറയുന്നത്. ദുരിതാശ്വാസ ക്യാമ്പിലുള്ളവര്‍ക്ക് വസ്ത്രം വാങ്ങാന്‍ 11 കോടി ചെലവിട്ടെന്നും വൊളണ്ടിയര്‍മാർക്ക് മൊത്തത്തിൽ 14 കോടി ചിലവിട്ടെന്നും ഇവരുടെ യാത്ര ചിലവിനായി നാലു കോടി രൂപ ചെലവഴിച്ചെന്നുമാണ് കണക്ക്.

ദുരന്തമുണ്ടായ ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നതിന് 12 കോടി ചെലവായി. ബെയ്‌ലി പാലത്തിന്റെ കല്ലുകള്‍ നിരത്തിയത് അടക്കമുള്ള അനുബന്ധ ജോലികള്‍ക്ക് ഒരു കോടി രൂപ ചെലവഴിച്ചു. വൊളണ്ടിയര്‍മാര്‍ക്കും സൈനികര്‍ക്കും ചികിത്സാ ചെലവായി രണ്ടുകോടി രണ്ടു ലക്ഷം രൂപയും ചെലവിട്ടു. ക്യാമ്പുകളിലേക്കുള്ള ഭക്ഷണ ചെലവ് എട്ടു കോടി രൂപയായി. ക്യാമ്പുകളില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി ഏഴു കോടി ചെലവിട്ടു എന്നുമാണ് കണക്ക്.

ഈ കണക്കുകൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലടക്കം വലിയ വിമർശനം ഉയർന്നതോടെ വിശദീകരണവുമായി റവന്യു മന്ത്രി കെ രാജൻ രംഗത്തെത്തി. കേന്ദ്ര സർക്കാരിന് സമർപ്പിക്കാനായി സംസ്ഥാനസർക്കാർ തയാറാക്കിയ എസ്റ്റിമേറ്റ് കണക്കുകളാണ് പുറത്തുവന്നതെന്നും യഥാർത്ഥ കണക്ക് വൈകാതെ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു.ചെലവഴിച്ച തുകയുടെ കണക്കല്ല മാധ്യമങ്ങളില്‍ വന്നിരിക്കുന്നതെന്മും കേന്ദ്രത്തിന് തയ്യാറാക്കി നൽകിയ, പ്രതീക്ഷിക്കുന്ന ചെലവുകളുടെ കണക്കാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ദുരന്തം നടന്നതിനു ശേഷം കേന്ദ്രസര്‍ക്കാരിന് കേരളം ഒരു മെമ്മോറാന്‍ഡം നല്‍കിയിരുന്നു. അതിലുണ്ടായിരുന്ന കണക്കാണിത്. ഓഗസ്റ്റ് രണ്ടാമത്തെ ആഴ്ചയിലാണ് ഈ കണക്ക് തയ്യാറാക്കിയത്. പ്രതീക്ഷിക്കുന്ന ചെലവ് എന്ന നിലയിലാണ് ഈ കണക്ക് നൽകിയത്. കേരളത്തിന് പുനരധിവാസ പാക്കേജ് ലഭിക്കുന്നതിനായി നല്‍കിയ കണക്കാണിത്. ഹൈക്കോടതി ആവശ്യപ്പെട്ടപ്പോൾ ഇതേ കണക്കുകൾത്തന്നെ സത്യവാങ്മൂലത്തിൽ സമർപ്പിക്കുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ചെലവഴിച്ച തുക സംബന്ധിച്ച കൃത്യമായ കണക്കുകള്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷം പുറത്തുവിടുമെന്നും എല്ലാം സംശയങ്ങളും ദുരീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വൈകാതെ വാര്‍ത്താ സമ്മേളനത്തില്‍ കണക്ക് പുറത്തുവിടുമെന്നും മന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide