വയനാടിനെയും കേരളത്തെത്തന്നെയും ഞെട്ടിച്ച വയനാട് ദുരന്തത്തിന്റെ പതിനൊന്നാം നാളാണിന്ന്. ദുരന്തം തകര്‍ത്ത വയനാടിനായി കേരളവും അന്യഭാഷാ സിനിമാ-രാഷ്ട്രീയ പ്രമുഖരടക്കം കൈ കോര്‍ക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കൈമാറുകയും ചെയ്തു. 89 കോടിയിലധികം തുകയാണ് വയനാടിന്റെ പുനരധിവാസത്തിനായി ഇതുവരെ ലഭിച്ചത്.
അതിനിടെ, വയനാട് ദുരന്തത്തിന്റെ പേരിലുള്ള പണപ്പിരിവ് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. സിനിമാ നടനും അഭിഭാഷകനും കാസര്‍കോട് സ്വദേശിയുമായ സി. ഷുക്കൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പിഴ ചുമത്തി തള്ളിയത്. ഹര്‍ജിയില്‍ എന്ത് പൊതുതാത്പര്യമാണുള്ളതെന്ന് ആരാഞ്ഞ ഹൈക്കോടതി. സംഭാവന നല്‍കുന്ന ജനങ്ങളുടെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നത് എന്തിനാണെന്നും കോടതി അഭിഭാഷകനോട് ചോദിച്ചു. മാത്രമല്ല, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ അടയ്ക്കാനും നിര്‍ദേശിച്ചു.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംഘടനകള്‍ പണം പിരിക്കുന്നുണ്ടെന്നും അതില്‍ സുതാര്യത വരുത്താനാണ് സര്‍ക്കാര്‍ മേല്‍നോട്ടം വഹിക്കണമെന്ന ആവശ്യമുന്നയിക്കുന്നതെന്നും അഭിഭാഷകന്‍ വാദിച്ചിരുന്നു.