മാനന്തവാടി: പിതാവ് നഷ്ടപ്പെട്ട വേദനയിലും നാടിന്റെ ആശങ്കകൾ പങ്കുവെച്ചും നാട്ടുകാര്‍ക്ക് വേണ്ടി സംസാരിച്ചും മാനന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ മകൾ. അജീഷിന്റെ വീട്ടിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോടാണ് പെണ്‍കുട്ടി വൈകാരികമായി പ്രതികരിച്ചത്. തന്നെപ്പോലെ വയനാട്ടില്‍ ഇനിയൊരു കുഞ്ഞും കരയാന്‍ പാടില്ലെന്നാണ് കരച്ചിലടക്കി ദൃഢമായി അല്‍ന ആവശ്യപ്പെട്ടത്. അച്ഛനെ നഷ്ടപ്പെട്ടതിന്റെ നൊമ്പരവും നിരാശയുമെല്ലാം വ്യക്തമാക്കുന്നതായിരുന്നു അല്‍നയുടെ വാക്കുകള്‍.
”ആനയ്ക്ക് കാടുണ്ട്. കാട്ടാനകള്‍ക്ക് കാട് ഇഷ്ടംപോലെയുണ്ട്. വയനാട്ടില്‍തന്നെ എത്രത്തോളം കാടുകള്‍കിടക്കുന്നു. കാടില്ലേ, പിന്നെന്തുകൊണ്ട് കാട്ടാന നാട്ടിലേക്കിറങ്ങുന്നു. നാട്ടാനകള്‍ക്ക് കാട്ടിലേക്ക് കേറാന്‍ പറ്റൂല. കാട്ടാന പിന്നെന്തിന് നാട്ടിലേക്കിറങ്ങുന്നു. കാട്ടാന കാട്ടിലിറങ്ങിയാ മതി, നാട്ടിലിറങ്ങണ്ട. അതിനുള്ള സംവിധാനം ഒന്ന് വയനാട്ടില്‍ ചെയ്തുകൊടുക്കണം. എന്റെ ഡാഡിയ്ക്ക് സംഭവിച്ചകണക്ക് ഇനി ഒരു മനുഷ്യര്‍ക്കും പറ്റാന്‍ പാടില്ല വയനാട്ടില്‍. ഞാന്‍ കയഞ്ഞത്ര വേറൊരു കൊച്ചും ഇനി കരയാന്‍ പാടില്ല. വയനാട്ടിലെ ജനങ്ങള്‍ കടുവയുടെ, ആനയുടെ ആക്രമണത്തില്‍ മരിക്കുന്നുണ്ട്. എനിയ്ക്കറിയാം, ഞാന്‍ ന്യൂസ് കേള്‍ക്കുന്നതാ, പത്രം വായിക്കുന്നതാ. ഇതുവരെ അതിനൊരു പോംവഴി വയനാട്ടില്‍ വന്നിട്ടില്ല. വേറേത് രാജ്യത്ത് വന്നിട്ടുണ്ടെങ്കിലും വയനാടെന്ന ഈ ചെറിയ മലയോര പ്രദേശത്ത് വന്നിട്ടില്ല, അറിയോ. മൂന്നുമാസം മുമ്പ് ഇവിടെ ആന ഇറങ്ങിയായിരുന്നു. ഒരു പ്രശ്‌നവും ഉണ്ടാക്കിയില്ല. എന്റെ ഡാഡിയും കുറച്ചു ചേട്ടന്മാരുംകൂടി അതിനെ കരകയറ്റിവിട്ടു.
ഈ ആന ഇവിടെ വന്നപ്പോഴും എന്റെ ഡാഡിയും ആ ചേട്ടന്മാരുമാണ് അതിന്റെ പിറകെ ഓടിയത്. എനിയ്ക്ക് വേറൊരു ചേട്ടായി ഉണ്ട്. ആന ഇളകിയതുകണ്ടപ്പോ ചേട്ടായി ഓടി. അതിന്റെ പിറകെ ഡാഡിയും ഓടി. ഡാഡി ഓടിയപ്പോ അവിടെ എത്താന്‍ പറ്റാത്തോണ്ടല്ലേ. എന്റെ ഡാഡിയ്ക്ക് പറ്റിയകണക്ക് വയനാട്ടിലെ ഒരു പുരുഷനും സ്ത്രീയ്ക്കും അങ്ങനൊരു കാര്യം നടക്കില്ലെന്ന് എനിയ്ക്ക് വാക്കുതരണം. കാട്ടില്‍ എത്രയോളം ഭക്ഷണങ്ങള്‍ക്കിടക്കുന്നു കാട്ടാനയക്ക്. വെള്ളമില്ലേ, പിന്നെ എന്തുകൊണ്ട് കാട്ടാന ഇവിടെ വരുന്നു. എന്റെ ഡാഡിയ്ക്ക് സംഭവിച്ച കാര്യം ഇവിടെ ഇനി നടക്കാന്‍ പാടില്ലാന്ന് മാത്രമേ എനിയ്ക്ക് പറയാനുള്ളു.”