‘പ്രശ്ന പരിഹാരമാണ് ലക്ഷ്യം’: മുഖ്യമന്ത്രിയെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍; സിനിമാ നയത്തിലെ നിലപാട് അറിയിച്ചു

തിരുവനന്തപുരം∙ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടികളില്‍ നിലപാട് അറിയിക്കാന്‍ വിമെൻ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിനിമാ നയത്തിലെ നിലപാടും ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ദീദി ദാമോദരന്‍, റിമ കല്ലിങ്കല്‍, ബീനാ പോള്‍, രേവതി തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച.

പ്രശ്‌നപരിഹാരമെന്ന ലക്ഷ്യമാണുള്ളതെന്നും സര്‍ക്കാരുമായി ചേര്‍ന്ന് എന്തു ചെയ്യാന്‍ കഴിയുമെന്നാണ് ആലോചിക്കുന്നെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം റിമാ കല്ലിങ്കല്‍ പ്രതികരിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ തുടർ നടപടികൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഹേമ കമ്മിറ്റിക്ക് മുൻപിൽ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം, എസ്ഐടി അന്വേഷണത്തിന്റെ പേരിൽ സ്വകര്യത ലംഘനം ഉണ്ടാവരുത്, വനിതകൾക്ക് ലൊക്കേഷനിൽ സൗകര്യം ഉറപ്പാക്കണം, ഹേമ കമ്മിറ്റിയുടെ ശുപാർശകൾ നടപ്പിലാക്കണം തുടങ്ങിയ ആവശ്യങ്ങളും ഡബ്ല്യുസിസി മുഖ്യമന്ത്രിയെ അറിയിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ അഞ്ജലി മേനോന്‍, പത്മപ്രിയ ഗീതുമോഹന്‍ദാസ് തുടങ്ങിയവരെ ഡബ്ല്യുസിസി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ രൂപപ്പെടുത്തിയ നിര്‍ദേശങ്ങളാണ് സര്‍ക്കാരിനു സമര്‍പ്പിക്കുന്നത്. ഡബ്ല്യുസിസിയുടെ ആവശ്യപ്രകാരമാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്.

More Stories from this section

family-dental
witywide