വാഷിംഗ്ടൺ: നിയുക്ത അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചിക്കാഗോയിലും ഫിലാഡൽഫിയയിലും തടങ്ങിയ പ്രതിഷേധം ഇപ്പോൾ വാഷിംഗ്ടണിലും ന്യൂയോർക്കിലുമെല്ലാം അലയടിച്ചുയരുകയാണ്. കുടിയേറ്റക്കാർ ഉൾപ്പടെയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. വാഷിംഗ്ടണിൽ വനിതകളുടെ പ്രതിഷേധമാണ് അരങ്ങേറിയത്. ‘ഞങ്ങൾ ഒറ്റക്കാവില്ല, ഞങ്ങൾ അമേരിക്ക വിട്ടുപോകില്ല’ തുടങ്ങിയ മുദ്രാവാക്യത്തോടെയായിരുന്നു പ്രതിഷേധങ്ങൾ അരങ്ങേറിയത്. സ്ത്രീ അവകാശങ്ങൾക്ക് വേണ്ടിയായിരുന്നു വാഷിങ്ടണിലെ പ്രതിഷേധം. സിയാറ്റലിലും സമാനമായ പ്രതിഷേധമുണ്ടായത്. വംശഹത്യക്കും യുദ്ധത്തിനും എതിരായിരുന്നു സിയാറ്റലിലെ പ്രതിഷേധം.
വെള്ളിയാഴ്ചയും സമാനരീതിയിലുള്ള പ്രതിഷേധം യു.എസിലുണ്ടായിരുന്നു. ഫാസിസത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന അവകാശപ്പെട്ടായിരുന്നു പ്രതിഷേധം അരങ്ങേറിയത്. പോർട്ട്‍ലാൻഡിലെ സിറ്റിഹാളിന് സമീപത്തായിരുന്നു പ്രതിഷേധം. ഭയത്തെ പോരാട്ടമാക്കി മാറ്റണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നുണ്ട്.
538 ഇലക്ടറൽ കോളജ് വോട്ടുകളിൽ 312 എണ്ണം നേടിയാണ് യു.എസി പ്രസിഡന്റായി ട്രംപ് വീണ്ടും അധികാരത്തിലേക്ക് എത്തുന്നത്. 226 സീറ്റുകളിലാണ് കമല ഹാരിസ് വിജയിച്ചത്. വിജയത്തോടെ അമേരിക്കൻ പ്രസിഡന്‍റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം ചെന്നയാൾ എന്ന ഖ്യാതിയും78കാരനായ ട്രംപിന് കൈവന്നിരുന്നു. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടശേഷം വീണ്ടും മത്സരിച്ച് വിജയിക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ പ്രസിഡന്റുകൂടിയാണ് ട്രംപ്.