താരങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് റെസ്ലിങ് ഫെഡറേഷന്റെ പുതിയ ഭരണസമിതി സസ്‌പെന്‍ഡ് ചെയ്ത കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നടപടിക്കെതിരേ ഭരണസമിതി പ്രസിഡന്റ് സഞ്ജയ് സിങ്. തിരഞ്ഞെടുക്കപ്പെട്ട ഡബ്ല്യുഎഫ്‌ഐ ഭരണസമിതിയെ പിരിച്ചുവിടുന്ന നടപടിയെയും പുതുതായി നിയമിച്ച അഡ്‌ഹോക് കമ്മിറ്റിയെയും അംഗീകരിക്കില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.താരങ്ങളുടെ എതിർപ്പിനെ തുടർന്ന് കഴിഞ്ഞ മാസം 24-നാണ് സഞ്ജയ് സിങ് അധ്യക്ഷനായ ഭരണസമിതിയെ മന്ത്രാലയം സസ്‌പെന്‍ഡ് ചെയ്തത്.
ഡിസംബര്‍ 21 നായിരുന്നു ദേശീയ ഗുസ്തി ഫെഡറേഷന്റെ (ഡബ്ല്യുഎഫ്‌ഐ) പുതിയ തലവനായി സഞ്ജയ് സിങ് തിരഞ്ഞെടുക്കപ്പെട്ടത്. ലൈംഗികാരോപണത്തെ തുടര്‍ന്ന് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായിയായാണ് സഞ്ജയ് സിങ്.
തെരഞ്ഞെടുപ്പിന് പിന്നാലെ കരിയര്‍ അവസാനിപ്പിക്കുന്നതായി ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്ക് പ്രഖ്യാപിച്ചിരുന്നു. മറ്റൊരു താരമായ ബജ് രംഗ് പുനിയ പത്മശ്രീ പുരസ്‌കാരവും മടക്കി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഭരണസമിതിയെ സസ്‌പെന്‍ഡ് ചെയ്തത്.
പിന്നീട് ഗുസ്തി ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി കായിക മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മൂന്നംഗ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചിരുന്നു. ജൂനിയര്‍ വിഭാഗം മത്സരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് അഡ്‌ഹോക് കമ്മിറ്റി തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു മന്ത്രാലയം അറിയിച്ചത്. എന്നാല്‍ മുന്‍നിശ്ചിയിച്ച പ്രകാരം തങ്ങള്‍ തന്നെ മത്സരങ്ങള്‍ നടത്തുമെന്നും ബ്രിജ് ഭൂഷന്‍ ശരണ്‍ സിങ്ങിന്റെ നാടായ ഗോണ്ടയിലെ നന്ദിനി നഗറില്‍ വെച്ച് ഡിസംബര്‍ 28-ന് ജൂനിയര്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്നുംം സഞ്ജയ് സിങ് അറിയിച്ചു.
We do not recognize ad-hoc panel and ministry suspension says Sanjay Singh