ഇന്ത്യയ്ക്കു മേൽ അമേരിക്കയുയുടെ ഉപരോധം? വ്യക്തമാക്കാതെ യുഎസ് വക്താവ്; ഇന്ത്യ-പാക് പ്രശ്നത്തിൽ ഇടപെടില്ലെന്ന് ആവർത്തിച്ച് മാത്യു മില്ലർ

വാഷിംഗ്ടൺ: സംഘർഷാവസ്ഥ ഒഴിവാക്കാനും ചർച്ചയിലൂടെ പരിഹാരം കാണാനും ഇന്ത്യയെയും പാകിസ്ഥാനെയും അമേരിക്ക പ്രോത്സാഹിപ്പിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ ചൊവ്വാഴ്ച പറഞ്ഞു.

ഭീകരരെ അവരുടെ താവളങ്ങളിൽ വച്ച് കൊല്ലാൻ ഇന്ത്യ മടിക്കില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിൻ്റെയും പരാമർശത്തിൽ ബൈഡൻ ഭരണകൂടത്തിന് ആശങ്കയുണ്ടോ എന്ന ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ മുമ്പ് പറഞ്ഞതുപോലെ, അമേരിക്ക ഈ വിഷയങ്ങളിൽ ഇടപെടാൻ പോകുന്നില്ല. എന്നാൽ ഇന്ത്യയെയും പാകിസ്ഥാനെയും ചർച്ചയിലൂടെ പരിഹാരം കാണാൻ ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നു.”

ഒരു പത്രസമ്മേളനത്തെ അഭിസംബോധന ചെയ്യവെ, താൻ ഒരിക്കലും യുഎസ് ഉപരോധങ്ങളെക്കുറിച്ച് പരസ്യമായി ചർച്ച ചെയ്യുന്നില്ലെന്നും മില്ലർ പറഞ്ഞു.

ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ കൊലപാതക ഗൂഢാലോചനയുടെ പേരിൽ എന്തുകൊണ്ടാണ് അമേരിക്ക ഇന്ത്യയ്ക്ക് മേൽ ഉപരോധം ഏർപ്പെടുത്താത്തതെന്ന് ചോദിച്ചപ്പോൾ അതേക്കുറിച്ച് താൻ വെളിപ്പെടുത്തില്ലെന്നും മില്ലർ പറഞ്ഞു.