ഇപിയെ കണ്ടതിൽ എന്താണ് തെറ്റ്, ന്യായീകരിച്ച് ജാവദേക്കർ; ‘കോൺഗ്രസ്, സിപിഎം, സിപിഐ നേതാക്കളെയും കണ്ടിട്ടുണ്ട്’

മുംബൈ: എൽ ഡി എഫ് കൺവീനറും മുതിര്‍ന്ന സി പി എം നേതാവുമായ ഇ പി ജയരാജനുമായി നടത്തിയ കൂടിക്കാഴ്ചയെ ന്യായീകരിച്ച് ബി ജെ പി നേതാവ് പ്രകാശ് ജാവദേക്ക‍ര്‍ രംഗത്തെത്തി. വിവിധ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളുമായി കൂടിക്കാഴ്ചകൾ നടത്താറുണ്ടെന്നും ഇപിയെ കണ്ടതിൽ എന്താണ് തെറ്റെന്നുമാണ് ജാവദേക്ക‍ര്‍ ചോദിച്ചത്.

കേരളത്തിൽ നിന്നുളള എല്ലാ കോൺഗ്രസ് എം പിമാരുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. വിവിധ കോൺഗ്രസ്, സി പി എം, സി പി ഐ നേതാക്കളുമായും താൻ കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. അത്തരം കൂടിക്കാഴ്ചകളിൽ തെറ്റൊന്നുമില്ലെന്നും കേരളത്തിന്‍റെ ചുമതലയുള്ള ബി ജെ പി നേതാവ് പ്രതികരിച്ചു. ഇ പി ജയരാജനുമായുളള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പോടെ അവസാനിച്ചെന്നും ജാവദേക്കർ കൂട്ടിച്ചേർത്തു.

അതേസമയം പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ ഇ പി ജയരാജനെതിരെ പാർട്ടി നടപടിക്കൊരുങ്ങുന്നുവെന്നാണ് വ്യക്തമാകുന്നത്. ഇപി -ജാവദേക്കർ കൂടിക്കാഴ്ച തിങ്കളാഴ്ച ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയേറ്റ് ചർച്ച ചെയ്യും. അന്ന് തന്നെ നടപടിക്ക് സാധ്യതയുണ്ട്. എല്‍ ഡി എഫ് കൺവീനര്‍ കൂടിയായ മുതി‌ർന്ന നേതാവ് കേരളത്തിന്‍റെ ചുമതലയുള്ള ബി ജെ പി നേതാവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ ഗൗരവത്തോടെയാണ് സി പി എം കാണുന്നത്. കേന്ദ്ര നേതൃത്വവും ഇക്കാര്യത്തിൽ കർശന നടപടിക്കുള്ള നിർദ്ദേശമാകും സ്വീകരിക്കുക. വീട്ടിലെത്തി ബി ജെ പി നേതാവ് കണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് വലിയ തെറ്റായി തന്നെയാണ് സി പി എം നേതൃത്വം കാണുന്നത്. മുഖ്യമന്ത്രിയടക്കം ഇന്നലെ ഇ പിയെ തള്ളിപ്പറഞ്ഞത് നടപടി സൂചനയാണെന്നും വിലയിരുത്തലുകളുണ്ട്.

സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്നം ചര്‍ച്ച ചെയ്യും, ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന സൂചനയാണ് ഈ വാര്‍ത്തയും പങ്കുവയ്ക്കുന്നത്. തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്ന സാഹചര്യത്തില്‍ വൈകാതെ തന്നെ ഇപി ജയരാജനെതിരായ പാര്‍ട്ടി നിലപാട് വ്യക്തമാകുമെന്നാണ് മനസിലാകുന്നത്.

‘We may have met … Is it a crime? Prakash Javadekar on meeting Kerala CPM leader EP Jayarajan

More Stories from this section

family-dental
witywide