കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ അഭിമുഖീകരിക്കുകയാണ്. ഒരു നാടുമുഴുവന്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയി. മരണസംഖ്യ 120 ഉം കടന്ന് ഉയരുകയാണ്. നൂറോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. 112 പേര്‍ പരുക്കുകളോടെ ചികിത്സയിലാണ്. ദുരന്തത്തിന്റെ വ്യാപ്തി ചിന്തിക്കുന്നതിനും അപ്പുറമാണ്. 2018ല്‍ കേരളം വലിയ പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ നമ്മളെല്ലാവരും ഒന്നിച്ചുനിന്ന് കേരളത്തെ കൈപിടിച്ചുയര്‍ത്തി. അതുപോലെ ഭീകരമായ മറ്റൊരു ദുരന്ത മുഖത്താണ് ഇപ്പോള്‍ കേരളത്തിലെ വയനാട്.
അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രവാസികളും കേരളത്തിന്റെ ഒപ്പം നില്‍ക്കണമെന്ന് എന്‍.ആര്‍.ഐ റിപ്പോര്‍ട്ടര്‍ അഭ്യര്‍ത്ഥിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിവഴിയോ, ഇന്ത്യ പ്രസ് ക്ളബ് പോലുള്ള സംഘടനകള്‍ നടത്തുന്ന സഹായ പ്രവര്‍ത്തനങ്ങള്‍ വഴിയോ, സ്വന്തം നിലക്കോ നമ്മളെല്ലാവരും കേരളത്തിനായി കൈകോര്‍ക്കണം.