
ന്യൂഡൽഹി: എൻഡിഎ സർക്കാർ തുടർച്ചയായി മൂന്നാം തവണയും അവതരിപ്പിച്ച 2024 ലെ കേന്ദ്ര ബജറ്റിനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് ആം ആദ്മി പാർട്ടിയുടെ രാജ്യസഭാ എംപി രാഘവ് ഛദ്ദ. “ഇന്ത്യ ഇംഗ്ലണ്ടിനെപ്പോലെ നികുതി അടയ്ക്കുകയും സൊമാലിയ പോലുള്ള സേവനങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു,” എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
രാജ്യസഭയിൽ കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പൊതുചർച്ചയ്ക്കിടെ, ബജറ്റ് നിരാശാജനകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. “ബിജെപി അനുഭാവികളും വോട്ടർമാരും ഉൾപ്പെടെ സമൂഹത്തിലെ ഒരു വിഭാഗത്തെയും തൃപ്തിപ്പെടുത്തുന്നതല്ല ബജറ്റ്” എന്ന് അദ്ദേഹം ആരോപിച്ചു.
“സാധാരണയായി ഒരു കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമ്പോൾ, സമൂഹത്തിലെ ഒരു വിഭാഗം സന്തോഷിക്കുകയും മറ്റൊരു വിഭാഗം അങ്ങനെ അല്ലാതിരിക്കുകയും ചെയ്യും. എന്നാൽ, ഇത്തവണ എല്ലാവരേയും അപ്രീതിപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു. ബിജെപി അനുഭാവികൾ പോലും അസന്തുഷ്ടരാണ്.”
“കഴിഞ്ഞ 10 വർഷമായി, ആദായനികുതി, ജിഎസ്ടി, മൂലധന നേട്ട നികുതി തുടങ്ങിയ നികുതികളിലൂടെ പൊതുജനങ്ങളുടെ വരുമാനത്തിൻ്റെ 70-80 ശതമാനം സർക്കാർ എടുക്കുന്നു. എന്താണ് ചെയ്യുന്നത്? പൊതുജനങ്ങൾക്ക് തിരിച്ച് കിട്ടുമോ? ഞങ്ങൾ ഇംഗ്ലണ്ടിലെ പോലെ നികുതി അടയ്ക്കുന്നു, എന്നാൽ സൊമാലിയയിലെ പോലെ സേവനങ്ങൾ ലഭിക്കുന്നു,” രാഘവ് ഛദ്ദ വിമർശിച്ചു.