ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ബോളിവുഡ് നടി കരീന കപൂറും കുടുംബവുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി കോൺഗ്രസ്. കപൂർ കുടുംബത്തിന് ബോളിവുഡില്‍ സ്ഥാനം നല്‍കിയ രാജ് കപൂറിന്റെ നൂറാം ജന്മദിനത്തിലായിരുന്നു മോദി – കപൂർ കുടുംബം കൂടിക്കാഴ്ച. നടനും സംവിധായകനും നിർമാതാവുമായ രാജ് കപൂറിന്റെ പേരില്‍ ഫിലിം നടത്തുന്ന ഫിലിം ഫെസ്റ്റിവലിലേക്ക് പ്രധാനമന്ത്രിയെ കരീന കപൂർ ക്ഷണിച്ചിരുന്നു.
കപൂർ കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയെ പരിഹസിച്ചും മണിപ്പൂർ വിഷയം മുന്നോട്ടുവെച്ചും രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. ‘ഞങ്ങള്‍ പറഞ്ഞത് മണിപ്പൂർ, മണിപ്പൂർ എന്നാണെന്നും മോദി കേട്ടത് കരീന കപൂർ’ എന്നാണെന്നുമാണ് കോണ്‍ഗ്രസിന്റെ പരിഹാസം.
മണിപ്പൂരുമായി ബന്ധപ്പെട്ട് കിട്ടുന്ന അവസരങ്ങളിലെല്ലാം പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് ആക്രമണങ്ങള്‍ നടത്തുന്നുണ്ടെങ്കിലും കലുഷിതമായ സംസ്ഥാനം സന്ദർശിക്കാനോ വിഷയത്തില്‍ പ്രതികരിക്കാനോ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. കഴിഞ്ഞ വർഷം മെയ് മാസം തൊട്ട് ആരംഭിച്ച കലാപത്തില്‍ മണിപ്പൂരിൽ 200 പേർക്കാണ് ജിവൻ നഷ്ടമായത്.