ന്യൂഡൽഹി: കടമെടുപ്പ് പരിധി കേസിൽ 5000 കോടി മതിയാകില്ലെന്നും 10000 കോടി വേണമെന്നും കടുപ്പിച്ച് കേരളം. കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന കേന്ദ്രം അറിയിച്ചപ്പോഴാണ് കൂടുതൽ തുക വേണമെന്ന് കേരളം ആവശ്യപ്പെട്ടത്. 5000 കോടി തികയില്ലെന്നും ചുരുങ്ങിയത് 10,000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നും കേരളം സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു.
വിഷയത്തില്‍ സുപ്രീം കോടതി വിശദമായ വാദംകേള്‍ക്കും. എല്ലാ സംസ്ഥാനങ്ങളോടും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. കേരളത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യവും പരിഗണിക്കേണ്ടി വരുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. എന്നാൽ, കേന്ദ്രത്തിന്റെ നിലപാടിനെ കേരളം എതിർത്തു. നിലവിൽ 19,000 കോടി രൂപ കടമെടുക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും വിഷയത്തില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തയ്യാറാകണമെന്നും കേരളം ആവശ്യപ്പെട്ടു.
അടുത്ത വ്യാഴാഴ്ച വാദം കേട്ടതിന് ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്ന് കോടതി അറിയിച്ചു. കേരളത്തിന് മാർച്ച് 31-നകം ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കുന്നത് പരിഗണിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഏപ്രിൽ ഒന്നിനു അടിയന്തരസഹായമായി 5,000 കോടി നൽകാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും അടുത്ത 10 ദിവസത്തെ പ്രതിസന്ധിയാണ് കണക്കിലെടുക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി നിർദേശം കോടതി തള്ളി.
We want 10k crore, kerala says in supreme court