‘പോരാട്ടം തുടരും, ഏത് അവസ്ഥയിലും വെടിനിർത്തലിന് യാചിക്കില്ല’, നിലപാട് വ്യക്തമാക്കി ഹിസ്ബുള്ളയുടെ പുതിയ തലവൻ

ബെയ്റൂട്ട്: സ്വീകാര്യമെന്ന് കരുതുന്ന വെടിനിർത്തൽ വ്യവസ്ഥകൾ വാഗ്ദാനം ചെയ്യുന്നത് വരെ ഇസ്രായേലുമായുള്ള പോരാട്ടം തുടരുമെന്ന് ഹിസ്ബുള്ളയുടെ പുതിയ തലവൻ. ഏത് അവസ്ഥയിലും ഇസ്രയേലിനോട് വെടിനിർത്തലിന് യാചിക്കില്ലെന്നും നസറുള്ളയെ ഇസ്രായേൽ വധിച്ചതിന്റെ പശ്ചാത്തലത്തിൽ ഹിസ്ബുള്ളയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട നൈം ഖാസിം ആദ്യമായി പ്രവർത്തകരെ അഭിസംബോധന ചെയ്ത വീഡിയോയിൽ പറഞ്ഞു. ഹിസ്ബുള്ളയുടെ യുദ്ധപദ്ധതി തുടരുക തന്നെ ചെയ്യുമെന്നും ഖാസിം പ്രഖ്യാപിച്ചു.

നസറുള്ളയുടെ അജണ്ടകൾ പിന്തുടരുക എന്നുള്ളതാണ് തന്റെ അജണ്ടയെന്നും ഖാസിം വ്യക്തമാക്കി. ഹസ്സൻ നസറുള്ളയുടെ പിൻ​ഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം ആദ്യമായാണ് ടെലിപ്രസം​ഗത്തിലൂടെ ഹിസ്ബുള്ളയെ ഖാസിം അഭിസംബോധന ചെയ്തത്. ഹിസ്ബുള്ള യുദ്ധം ചെയ്യുന്നത് മറ്റാർക്കും വേണ്ടിയല്ല, മറ്റാരുടേയും പദ്ധതിയുടെ ഭാ​ഗമല്ല, ലെബനന് വേണ്ടിയാണ് ഈ യുദ്ധം. പിന്തുണ നൽകുന്ന ഇറാൻ, അതിന് പകരമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ഖാസിം പറഞ്ഞു.

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഹിസ്ബുള്ളയുടെ മുൻ തലവൻ നസറുള്ളയെയും പിൻ​ഗാമിയാകാൻ നിശ്ചയിച്ചിരുന്ന ഹാഷിം സഫീദിനെയും ഹമാസ് തലവൻ യഹിയ സിൻവറെയും പ്രസം​ഗത്തിനിടെ ഖാസിം അനുസ്മരിച്ചു. പ്രതിരോധത്തിന്റെയും വീരത്വത്തിന്റെയും പ്രതീകമാണ് യഹിയ സിൻവർ എന്നായിരുന്നു ഹിസ്ബുള്ള തലവന്റെ വാക്കുകൾ. ഇസ്രായേൽ വരുത്തി വച്ച നാശത്തിനെതിരെ ഹമാസ് നടത്തുന്ന പോരാട്ടത്തെ പിന്തുണയ്‌ക്കുമെന്നും ഖാസിം വ്യക്തമാക്കി.

ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരെ കേന്ദ്രീകരിച്ച് നടന്ന പേജർ, വാക്കി-ടോക്കി കൂട്ടസ്ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു തലവൻ ഹസ്സൻ നസറുള്ളയെ വ്യോമാക്രമണത്തിലൂടെ ഇസ്രായേൽ വധിച്ചത്. തൊട്ടുപിന്നാലെ പിൻഗാമിയാകാൻ സജ്ജനായിരുന്ന സഫീദിനെയും വകവരുത്തി. ഇതോടെയാണ് കെമിസ്ട്രി അദ്ധ്യാപനത്തിൽ നിന്ന് ഭീകരപ്രവർത്തനത്തിലേക്ക് വഴിമാറിയ നൈം ഖാസിമിനെ തലവനായി ഹിസ്ബുള്ള പ്രഖ്യാപിച്ചത്.