ന്യൂഡല്‍ഹി: മുസ്ലീം പക്ഷം ഹിന്ദുക്കള്‍ക്ക് പള്ളികളൊന്നും വിട്ടുകൊടുക്കില്ലെന്ന് ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. ഇതിനായി കോടതികളില്‍ നിയമയുദ്ധം നടത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു.
ഇന്ത്യാ ടുഡേ ടിവിയുമായുള്ള പ്രത്യേക സംഭാഷണത്തില്‍, തര്‍ക്കത്തിലുള്ള ജ്ഞാനവാപി കോംപ്ലക്സുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന കോടതി കേസിനെക്കുറിച്ചും മുസ്ലീം പള്ളിക്ക് താഴെ ഒരു ക്ഷേത്രം ഉണ്ടെന്നുള്ള ഹിന്ദു പക്ഷത്തിന്റെ അവകാശവാദങ്ങളെക്കുറിച്ചും ഒവൈസി സംസാരിച്ചു.
‘ഞങ്ങള്‍ ഒരു മസ്ജിദും തരാന്‍ പോകുന്നില്ല, മതി. ഞങ്ങള്‍ കോടതിയില്‍ പോരാടും. മറുഭാഗം ഒരു ഡിസംബര്‍ 6 ന് വേണ്ടി ആഗ്രഹിക്കുന്നുവെങ്കില്‍, എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ കാണും. ഞങ്ങള്‍ ഒരിക്കല്‍ വഞ്ചിക്കപ്പെട്ടു, ഞങ്ങള്‍ വീണ്ടും വഞ്ചിക്കപ്പെടില്ല,’ ഒവൈസി പറഞ്ഞു.
1992 ഡിസംബര്‍ 6-ന് ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ 16-ാം നൂറ്റാണ്ടിലെ ബാബറി മസ്ജിദ് അക്രമാസക്തരായ ജനക്കൂട്ടം തകര്‍ത്തു. ജ്ഞാനവാപി പള്ളിയുടെ തെക്കന്‍ നിലവറയില്‍ ഒരു ഹിന്ദു പുരോഹിതന് പ്രാര്‍ത്ഥന നടത്താമെന്ന് വാരണാസി കോടതി കഴിഞ്ഞ ആഴ്ച വിധിച്ചു.
ഗ്യാന്‍വാപി കേസില്‍ ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിലെത്താനുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ചപ്പോള്‍, ‘ഇത് അവസാനിക്കില്ലെന്ന് ഞാന്‍ വ്യക്തമായി പറയുന്നു. ഞങ്ങള്‍ അതിനെ നിയമപരമായി നേരിടും, ഞങ്ങളുടെ കൈവശം ഉള്ള രേഖകളെല്ലാം കോടതിയെ കാണിക്കും’ എന്ന് ഒവൈസി പറഞ്ഞു.
ഗ്യാന്‍വാപി മസ്ജിദിന് കീഴില്‍ കണ്ടെത്തിയ ഹിന്ദു നിര്‍മിതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചുകൊണ്ട് ‘നാളെ, ഞങ്ങള്‍ രാഷ്ട്രപതി ഭവന്‍ കുഴിക്കാന്‍ തുടങ്ങിയാല്‍, ഞങ്ങള്‍ എന്തെങ്കിലും കണ്ടെത്തും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച ഒവൈസി, രാജ്യത്തെ മുസ്ലീങ്ങള്‍ക്ക് പ്രധാനമന്ത്രിയില്‍ വിശ്വാസമില്ലെന്നും പറഞ്ഞു.
‘ഞാന്‍ ഇത് പാര്‍ലമെന്റില്‍ പറഞ്ഞിട്ടുണ്ട്, മുസ്ലീങ്ങളെ സംബന്ധിച്ചിടത്തോളം നമ്മുടെ പ്രധാനമന്ത്രിയില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് ഞാന്‍ ഇവിടെ ആവര്‍ത്തിക്കുന്നു. ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിന് വേണ്ടി മാത്രമാണ് പ്രധാനമന്ത്രി ഭരണഘടനാപരമായ ചുമതലകള്‍ നിര്‍വഹിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.