മഴയിൽ വലഞ്ഞ് കേരളം; പത്തനംതിട്ടയിൽ കനാലിൽ വയോധികയുടെ മൃതദേഹം; ഒഴുക്കിൽപ്പെട്ട് 2 പേരെ കാണാതായി

കൊച്ചി: കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുന്നു. മഴയിൽ നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട ജില്ലയിൽ വിവിധയിടങ്ങളിൽ മൂന്നുപേർ ഒഴുക്കിൽപ്പെട്ടു, ഇതിൽ ഒരാൾ മരിച്ചു. പഴങ്കുളം സ്വദേശി മണിയമ്മാൾ (75) ആണ് മരിച്ചത്. പഴങ്കുളത്ത് കനാലിൽ നിന്നാണ് വയോധികയുടെ മൃതദേഹം കണ്ടെത്തിയത്.

അടൂരിൽ ഒഴുക്കിൽപ്പെട്ട് വയോധികനെ കാണാതായി. പള്ളിക്കലിൽ ഗോവിന്ദനെ (63)യാണ് കാണാതായത്. പള്ളിക്കൽ ആറ്റിൽ ഒഴുകിപ്പോയ തേങ്ങയെടുക്കാൻ ചാടിയപ്പോഴാണ് അപകടമുണ്ടായതെന്നാണ് നിഗമനം. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് അഗ്നിരക്ഷാസേന തിരച്ചിൽ അവസാനിപ്പിച്ചു.

തിരുവനന്തപുരം ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. മുക്കോലയ്ക്കൽ, അട്ടക്കുളങ്ങര, കുളത്തൂർ, ഉള്ളൂർ എന്നിവിടങ്ങളിലെല്ലാം വീടുകളിൽ വെള്ളം കയറി. ശക്തമായ മഴയിൽ മരങ്ങൾ കടപുഴകി വീണതോടെ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതി കണക്കിലെടുത്ത് ജില്ലാ ആസ്ഥാന അഗ്നിരക്ഷാ നിലയത്തിൽ കണ്ട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്. മഴ തുടരും എന്നതിനാൽ മലയോര – തീരദേശ മേഖലയിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം പാറത്തോട്ടിൽ ശക്തമായ കാറ്റിൽ മരം വീണ് രണ്ടുപേർക്ക് പരുക്കേറ്റു. ജീപ്പിന് മുകളിലേക്കാണ് മരം കടപുഴകി വീണത്. പാറത്തോട് സ്വദേശികളായ മാരിമുത്തു, പെരിയസാമി എന്നിവർക്കാണ് പരുക്കേറ്റത്. ഗുരുതരമായി പരുക്കേറ്റ പെരിയ സ്വാമിയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

More Stories from this section

family-dental
witywide