ക്ഷേമ പെൻഷൻ വർധിപ്പിക്കും, കുടിശികകൾ എല്ലാം തീർക്കും; സഭയിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്

തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കാൻ സർക്കാറിന് പദ്ധതിയുണ്ടെന്ന് നിയമസഭയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ അഞ്ച് മാസത്തെ കുടിശ്ശികയു​ണ്ട്. അത് കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കാരുണ്യ, സപ്ലൈകോ കുടിശ്ശികകളും കൊടുത്തു തീർക്കുമെന്നും മുഖ്യമ​ന്ത്രി കൂട്ടിച്ചേർത്തു.

കുടിശ്ശികയിലെ രണ്ട് ഗഡു ഈ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്യും. അടുത്ത സാമ്പത്തിക വർഷത്തിൽ ബാക്കിയുള്ള മൂന്ന് ഗഡു കൂടി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കാരുണ്യ മരുന്ന് വിതരണം, നെല്ല് സംഭരണം എന്നിവയിലെ കുടിശ്ശിക ഈ സാമ്പത്തിക വർഷം തന്നെ കൊടുത്തു തീർക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളാണെന്നു ആവർത്തിച്ച മുഖ്യമന്ത്രി സാമ്പത്തിക ഉപരോധത്തിനൊപ്പം നികുതി വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചെന്ന് ആരോപിച്ചു.

പ്രതിമാസം 1600 രൂപ നല്‍കുന്ന സാമൂഹിക ക്ഷേമ പെന്‍ഷന്റെ 5 ഗഡുക്കളാണ് കുടിശികയുള്ളത്. 2024 മാര്‍ച്ച് മുതല്‍ പെന്‍ഷന്‍ കൃത്യമായി നല്‍കുന്നുണ്ട്. കുടിശിക 2024-25 സാമ്പത്തിക വര്‍ഷത്തില്‍ രണ്ടു ഗഡുക്കളായും 2025-26 സാമ്പത്തിക വര്‍ഷത്തില്‍ മൂന്നു ഗഡുക്കളായും വിതരണം ചെയ്യും. 4250 കോടി രൂപയാണ് കുടിശികയായി നല്‍കാനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തിലും പ്രതിശീര്‍ഷ വരുമാനത്തിലും കേരളം കൈവരിച്ച നേട്ടങ്ങള്‍ ധനകാര്യ കമ്മിഷന്റെ പുതിയ മാനദണ്ഡപ്രകാരം സംസ്ഥാനത്തിന് ദോഷകരമാകുന്ന സ്ഥിതിയാണ്. അതിന്റെ പേരില്‍ നികുതിവിഹിതം കുറയ്ക്കുന്ന സമീപനമാണ് ഉണ്ടാകുന്നത്. മുഖ്യമന്ത്രി സഭയെ അറിയിച്ചു. കിഫ്ബി എടുക്കുന്ന വായ്പയും പ്രതിവര്‍ഷ കടപരിധിയില്‍നിന്നു കേന്ദ്രം വെട്ടിക്കുറയ്ക്കുകയാണെന്നും, 2020-21ല്‍ 31,068 കോടി രൂപയായിരുന്ന കേന്ദ്രസര്‍ക്കാര്‍ ഗ്രാന്റുകള്‍ 2023-24ല്‍ 12,068 കോടി രൂപയായി ചുരുങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

More Stories from this section

family-dental
witywide