ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഇന്ത്യ ഏജന്റുമാരെ വച്ച് കൊലപാതകങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചുള്ള റിപ്പോർട്ടുകൾ സൂക്ഷ്മമായി പിന്തുടരുന്നുണ്ടെന്നും ചർച്ചയിലൂടെ പരിഹാരം കാണാൻ ഇരുരാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്നുവെന്നും യുഎസ്.
തെറ്റായതും ദുരുദ്ദേശ്യപരവുമായ ഇന്ത്യാ വിരുദ്ധ പ്രചരണം എന്ന് ചൂണ്ടിക്കാട്ടി പാകിസ്ഥാൻ നൽകിയ തെളിവുകൾ ഉദ്ധരിച്ച് യുകെ ദിനപത്രമായ ദി ഗാർഡിയനിൽ വന്ന റിപ്പോർട്ട് ഇന്ത്യ തള്ളിയിരുന്നു.
യുഎസ് സർക്കാർ ഈ വിഷയത്തിൽ ഇടപെടില്ലെന്നും എന്നാൽ രൂക്ഷമാകാതിരിക്കാൻ ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിക്കുമെന്നും ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് വക്താവ് മാത്യു മില്ലർ വ്യക്തമാക്കി.
“ഞങ്ങൾ ഈ വിഷയത്തെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ പിന്തുടരുകയാണ്. ആരോപണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അഭിപ്രായമൊന്നുമില്ല. ഈ സാഹചര്യത്തിൽ ഞങ്ങൾ മധ്യസ്ഥത വഹിക്കില്ലെങ്കിലും സംഘർഷം ഒഴിവാക്കാൻ ഇരുപക്ഷത്തെയും പ്രോത്സാഹിപ്പിക്കുന്നു. സംഭാഷണത്തിലൂടെ പരിഹാരം കണ്ടെത്തുക,” അദ്ദേഹം പറഞ്ഞു.
2019ലെ പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ ഇത്തരത്തിലുള്ള 20 കൊലപാതകങ്ങൾ വരെ നടത്തിയിട്ടുണ്ടെന്നാണ് ഗാർഡിയൻ റിപ്പോർട്ട് അവകാശപ്പെട്ടത്.