ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടിയന്തര ഉന്നത തല യോഗം വിളിച്ചു. സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന തീരുമാനമെടുക്കുന്ന കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തില്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി, വിദേശകാര്യ മന്ത്രി, ധനമന്ത്രി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരടക്കം പങ്കെടുത്തു. സമിതി മിഡില്‍ ഈസ്റ്റിലെ പുതിയ ശത്രുതയെക്കുറിച്ചും ഇസ്രായേലിന് നേരെ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന് ശേഷമുള്ള രൂക്ഷമായ പ്രതിസന്ധിയെക്കുറിച്ചും വിശദമായി ചര്‍ച്ച ചെയ്തു.
പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളെ ‘ആഴത്തില്‍ ആശങ്കപ്പെടുത്തുന്നു’ എന്ന് വിശേഷിപ്പിച്ച രാജ്യത്തെ പരമോന്നത സമിതി, പ്രതിസന്ധിയില്‍ നിന്ന് ഉയര്‍ന്നുവരുന്ന വിവിധ പ്രശ്നങ്ങള്‍ പരിശോധിച്ചു. എണ്ണ, പെട്രോളിയം, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിതരണത്തെ ബാധിക്കുന്നതിനെക്കുറിച്ചും സമിതി ചര്‍ച്ച ചെയ്തു. എല്ലാ പ്രശ്നങ്ങളും നയതന്ത്രത്തിലൂടെയും സംഭാഷണത്തിലൂടെയും അടിയന്തിരമായി പരിഹരിക്കാന്‍ സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട എല്ലാ കക്ഷികളോടും ഇന്ത്യ അഭ്യര്‍ത്ഥിച്ചു.