ഓണങ്ങളുടെ ഓണമായ വെസ്റ്റ്‌ചെസ്റ്റര്‍ ഓണം സെപ്റ്റംബര്‍ 21 ന്; മുഖ്യാതിഥികളായി ലെനയും ബിനോയ് വിശ്വവും

ന്യൂയോര്‍ക്ക് : അമേരിക്കയിലെ ഏറ്റവും വലിയ ഓണഘോഷങ്ങളില്‍ ഒന്നായ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഓണഘോഷം 2024 സെപ്റ്റംബര്‍ 21 ന് ശനിയാഴ്ച 11 മണി മുതല്‍ 6.00 മണി വരെ പോര്‍ചെസ്റ്റര്‍ ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ (1 Tamarack Road , Port Chester,NY 10573) വെച്ച് വിപുലമായ പരിപാടികളോട് നടത്തുന്നു. അന്‍പതാം ഓണാഘോഷമാണ് ഈ വര്‍ഷത്തേതെന്ന പ്രത്യേകതയുമുണ്ട് ഇക്കുറി.

അന്‍പത് ഓണം കണ്ട അപൂര്‍വ മലയാളി സംഘടനകളില്‍ ഒന്നാണ് വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍. എല്ലാ വര്‍ഷവും ആഘോഷിക്കുന്ന ഓണാഘോഷം മാവേലിതമ്പുരന്റെ
കാലഘട്ടത്തെ നമ്മെ തിരികെ കൊണ്ടുവരുന്ന ഒരു പ്രതീതി കൂടി ഉണ്ടാക്കുന്നു. മത സൗഹാര്‍ദത്തിന്റെ സംഗമ വേദി കൂടിയാണ് വെസ്റ്റ് ചെസ്റ്ററിന്റെ ഓണാഘോഷം.

എല്ലാവര്‍ഷവും നൂതനമായ കലാപരിപാടികളാലും വിഭവ സമര്‍ത്ഥമായ സദ്യകൊണ്ടും അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണാഘോഷങ്ങളില്‍ ഒന്നാക്കിമാറ്റാന്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ശ്രദ്ധിക്കാറുണ്ട് , ഈ വര്‍ഷം 50 ആം വാര്‍ഷികം പ്രമാണിച്ചു അതി വിപുലമായ പരിപാടികള്‍ ആണ് സംഘടപ്പിച്ചിരിക്കുന്നത് .

ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ഓണസദ്യ പ്രിയങ്കരമാണ്. ഇത് കണ്ടറിഞ്ഞ് ന്യൂയോര്‍ക്കിലെ പ്രസിദ്ധമായ മുന്ന് റസ്റ്റോറന്റുകളെയാണ് ഓണസദ്യക്ക് വേണ്ടി ചുമതലപ്പെടുത്തിയിരിക്കുന്നത്. അവര്‍ മത്സരിച്ചു ഉണ്ടാകുന്ന സദ്യ നമ്മെ ആസ്വാദക ലോകത്തു എത്തിക്കും എന്നകാര്യത്തില്‍ സംശയം ഇല്ല. ശിങ്കാരിമേളം, ചെണ്ട മേളം തിരുവാതിര എന്നുവേണ്ട ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളവും, താലപ്പൊലിയുമായി മാവേലി തമ്പുരാനെ വരവേല്‍ക്കുന്നതോടെ തുടങ്ങുന്ന പരിപാടികളില്‍ അത്തപ്പൂക്കളവും, തിരുവാതിരകളിയും, പുലിക്കളിയും തുടങ്ങി നിരവധി പുതുമയാര്‍ന്ന പരിപാടികളോടെയാണ് ഈവര്‍ഷത്തെ ഓണാഘോഷം ഒരുക്കിയിട്ടുള്ളത്.

അന്‍പതാം ഓണാഘോഷം അവസ്മരണീയമാക്കാന്‍ ഈ വര്‍ഷത്തെ ഓണാഘോഷം പ്രവേശന ഫീസ് ഇല്ലാതെയാണ് നടത്തുന്നത് സംഘാടകര്‍ വ്യക്തമാക്കി. വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ അന്‍പതാം ഓണാഘോഷത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി. പ്രസിഡന്റ് വര്‍ഗീസ് എം കുര്യന്‍ (ബോബന്‍), സെക്രട്ടറി ഷോളി കുമ്പിളിവേലി, ട്രഷറര്‍ ചാക്കോ പി ജോര്‍ജ് (അനി), വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ജോ. സെക്രട്ടറി നിരീഷ് ഉമ്മന്‍, ജോയിന്റ് ട്രഷര്‍ അലക്‌സാണ്ടര്‍ വര്‍ഗീസ് ട്രസ്റ്റി ബോര്‍ഡ് ചെയര്‍ രാജ് തോമസ്, കോര്‍ഡിനേറ്റേഴ്സ് ആയ ടെറന്‍സണ്‍ തോമസ്, ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ അറിയിച്ചു.