
ന്യൂഡല്‍ഹി: വരാനിരിക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോ യുവര്‍ കാന്‍ഡിഡേറ്റ് (കെവൈസി) എന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കിയിരുന്നു. തങ്ങളുടെ നിയോജക മണ്ഡലത്തിലെ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് കണ്ടെത്താനും സ്ഥാനാര്‍ത്ഥികളെ കൃത്യമായി തിരിച്ചറിയാനും വോട്ടര്‍മാരെ സഹായിക്കുന്ന ആപ്പാണിത്.
ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. ലോക്സഭയില്‍ തങ്ങളെ പ്രതിനിധീകരിക്കാന്‍ തയ്യാറെടുക്കുന്ന ഒരു സ്ഥാനാര്‍ത്ഥിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് കണ്ടെത്താന്‍ വോട്ടര്‍മാരെ പ്രാപ്തരാക്കുന്ന ഒരു പുതിയ മൊബൈല്‍ ആപ്ലിക്കേഷനാണ് ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്നതെന്നും ആപ്ലിക്കേഷന്റെ പേര് ‘നോ യുവര്‍ കാന്‍ഡിഡേറ്റ്’ അല്ലെങ്കില്‍ ‘കെവൈസി’ എന്നാണെന്നും കമ്മീഷന്‍ പറഞ്ഞിരുന്നു.
വോട്ടര്‍മാര്‍ക്ക് അവരുടെ മണ്ഡലങ്ങളില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലങ്ങളെക്കുറിച്ചും അവരുടെ സ്വത്തുക്കളും ബാധ്യതകളെക്കുറിച്ചും അറിയാന്‍ അവകാശമുണ്ടെന്ന് അഭിപ്രായപ്പെട്ടായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ KYC ആപ്പ് പരിചയപ്പെടുത്തിയത്.
വോട്ടര്‍മാര്‍ക്ക് ഇതിലൂടെ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ സ്വത്തുക്കളും ബാധ്യതകളും സ്വയം പരിശോധിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രസക്ത വിവരങ്ങളും ഈ ആപ്പില്‍ ലഭ്യമാക്കും. മാത്രമല്ല, അത്തരം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുന്ന പാര്‍ട്ടികളും തീരുമാനത്തിന് പിന്നിലെ യുക്തി വിശദീകരിക്കേണ്ടതുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള നോമിനികള്‍ തന്നെ എല്ലാ വിവരങ്ങളും പൊതുസമൂഹത്തില്‍ കൊണ്ടുവരേണ്ടതുണ്ടെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. മാത്രമല്ല, ക്രിമിനല്‍ റെക്കോര്‍ഡുള്ള സ്ഥാനാര്‍ത്ഥികള്‍ ഈ വിവരം മൂന്ന് തവണ ടെലിവിഷനിലൂടെയും പത്രങ്ങളിലും പ്രസിദ്ധീകരിക്കുകയോ പരസ്യമാക്കുകയോ ചെയ്യേണ്ടതുണ്ട്.
ഇത്തരം കളങ്കിതരായ സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കുന്ന പാര്‍ട്ടികള്‍ എന്തിനാണ് അവരെ കൂടുതല്‍ അര്‍ഹരായ, മറ്റുള്ളവരെ ഒഴിവാക്കി തിരഞ്ഞെടുത്തതെന്ന് വിശദീകരിക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുത്തതിന്റെ അടിസ്ഥാനം അവര്‍ വ്യക്തമായി പറയണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
നോ യുവര്‍ കാന്‍ഡിഡേറ്റ് (KYC) ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ക്യുആര്‍ കോഡും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതിന്റെ വെബ്സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
What is KYC or Know Your Candidate App?