പ്രതിഷേധ കൊടുങ്കാറ്റില്‍ അധികാര കസേരയില്‍ നിന്നും താഴെവീണ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയില്‍ താത്ക്കാലിക അഭയം തേടിയിരിക്കുകയാണ്. യുകെയില്‍ രാഷ്ട്രീയ അഭയം തേടാനാണ് പദ്ധതിയെന്ന് സൂചന നല്‍കിയാണ് അവര്‍ ഇന്ത്യയിലെത്തിയതെങ്കിലും യുകെ അഭയം നല്‍കുന്നതില്‍ നിന്നും പിന്നോട്ടു പോയതാടെ അനിശ്ചിതത്വം തുടരുകയാണ്.
ഹസീനയുടെ ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഇതുവരെ ഒരു അപ്ഡേറ്റും ഇല്ലെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. ഹസീന എപ്പോള്‍ ഇന്ത്യ വിടുമെന്ന് അറിയില്ലെന്നാണ് മന്ത്രാലയ വക്താവ് പറഞ്ഞത്. എല്ലാ സംഭവവികാസങ്ങളും നിരീക്ഷിച്ചുവരികയാണെന്നും ബംഗ്ലാദേശിലെ പ്രതിസന്ധി എത്രയും വേഗം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രാലയം അറിയിച്ചു.