പെൻസിൽവേനിയയിലെ ബട്ലറിൽ നടന്ന റാലിയിൽ ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച 20 കാരനായ തോമസ് മാത്യു ക്രൂക്ക്‌സിൻ്റെ സഹപാഠികൾക്ക് അയാളാണ് ഇതു ചെയ്തത് എന്നു വിശ്വസിക്കാൻ തന്നെ കഴിയുന്നില്ല. 4 വർഷം മുമ്പാണ് അയാൾ ഹൈസ്കൂളിൽ നിന്ന് പഠിച്ച് പുറത്തിറങ്ങിയത്. ഏകാകിയും അന്തർമുഖനുമായിരുന്ന അയാൾക്ക് സുഹൃത്തുകൾ വളരെ കുറവായിരുന്നു. എന്തെങ്കിലും രാഷ്ട്രീയ നിലപാടുകൾ ഉള്ളതായി അയാൾ ഒരിക്കലും പുറത്തുകാട്ടിയിട്ടില്ല. എന്നു മാത്രമല്ല അയാൾക്ക് വൃത്തിയായി തോക്ക് പിടിക്കാൻ പോലും അറിയില്ല എന്നാണ് ഒരു സഹപാഠി പറഞ്ഞത്. കാരണം ഹൈസ്‌കൂൾ റൈഫിൾ ടീമിൽ ഇടം കിട്ടാനായി അവൻ ശ്രമിച്ചിരുന്നു. എന്നാൽ അവൻ്റെ ആദ്യത്തെ ഷോട്ട് തന്നെ വല്ലാത്ത ഷോട്ടായി പോയി. വെടിയുണ്ട എങ്ങോട്ടോ പോയി. അത് ഭയങ്കര തമാശയായി എടുത്ത് അവനെ കൂട്ടുകാർ വല്ലാതെ കളിയാക്കിയിരുന്നു. ജയിംസൺ മർഫി എന്ന സഹപാഠിയാണ് ഇ കാര്യം മാധ്യമങ്ങളോട് പങ്കുവച്ചത്. ആ ഒറ്റ ദിവസം മാത്രമേ അവൻ ഷൂട്ടിങ് പ്രാക്ടീസിനു വന്നുള്ളു. അവനത് പറ്റികയേ ഇല്ലായിരുന്നു. പിന്നെ അവനെ ആ വഴി കണ്ടിട്ടില്ല.
ആ കുട്ടിയാണ് ശനിയാഴ്ച മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ജീവിതത്തെ മുൾമുനയിൽ നിർത്തിയത്. എന്തിനാണ് അവൻ ഇത് ചെയ്തത് അതാണ് ലോകം ഉറ്റു നോക്കുന്ന സംഗതി. ആ സമസ്യയുടെ ചുരുളഴിക്കാനാണ് എഫ്ബിഐ പണിപ്പെടുന്നത്.
യുഎസ് പ്രസിഡൻ്റുമാരോ പ്രസിഡൻ്റ് സ്ഥാനാർഥികളോ ആക്രമിക്കപ്പെട്ടതിനു പിന്നിൽ എല്ലായിപ്പോഴും രാഷ്ട്രീയ കാരണങ്ങളുണ്ടായിരുന്നില്ല. റൊണാൾഡ് റീഗന് നേരെ വെടിയിതിർത്ത ജോൺ ഹിൻക്ലി അതു ചെയ്തത് ഒരു സിനിമാ നടിയെ കാണിക്കാൻ വേണ്ടിയായിരുന്നു. അക്കാലത്തെ സുന്ദരിയായ ഹോളിവുഡ് നടി ജോഡി ഫോസ്റ്ററിൻ്റെ ആരാധകനായിരുന്ന അയാൾ അവരുടെ ശ്രദ്ധ ആകർഷിക്കാനാണ് ഇത് ചെയ്തത് എന്നാണ് പൊലീസിനോട് വെളിപ്പെടുത്തിയത്. അയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളയാളായിരുന്നു.
ക്രൂക്ക്‌സിന് മാനസികപ്രശ്‌നങ്ങളുള്ളതായുള്ള സൂചനകളൊന്നും അന്വേഷണസംഘത്തിന് ലഭിച്ചിട്ടില്ല. ഇയാള്‍ക്ക് സൈനികബന്ധങ്ങളില്ലെന്ന് പെന്റഗണ്‍ വക്താവും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ക്രൂക്ക്‌സിന്റെ കാറില്‍ നടത്തിയ പരിശോധനയില്‍ സംശയകരമായ ഒരു ഉപകരണം കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ബോംബ് സ്‌ക്വാഡ് ഉള്‍പ്പെടെയുള്ളവര്‍ ഇത് പരിശോധിച്ചുവരികയാണ്. പ്രതി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്താനും ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എ.ആര്‍. സെമി ഓട്ടോമാറ്റിക്ക് റൈഫിള്‍ ഉപയോഗിച്ചാണ് ക്രൂക്ക്‌സ് വെടിയുതിര്‍ത്തത്. പ്രതിയുടെ പിതാവിൻ്റേതാണ് തോക്ക്. ഇതിന് ലൈസന്‍സും ഉണ്ട്.
എന്തിനായിരിക്കാം വെള്ളക്കാരനായ ആ ചെറുപ്പക്കാരൻ ട്രംപിനെ ആക്രമിക്കാൻ തീരുമാനിച്ചത്. എന്തായിരുന്നു ആ അമർഷത്തിനു പിന്നിൽ?
What is the reason behind Trump Assassination Attempt