‘നിങ്ങൾ ധരിക്കുന്ന വസ്ത്രം നിങ്ങളുടെ തീരുമാനവും ഉത്തരവാദിത്തവുമാണ്’: ഹിജാബ് വിഷയത്തിൽ രാഹുൽ ഗാന്ധി

ലഖ്നൗ: ഹിജാബ് ഉൾപ്പെടെ ഒരാൾ എന്തു ധരിക്കുന്നു എന്നത് പൂർണമായും അയാളുടെ തീരുമാനവും ഉത്തരവാദിത്തവുമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ആ തീരുമാനത്തെ മറ്റുള്ളവർ ബഹുമാനിക്കണമെന്നും ഒരു വ്യക്തി എന്തുധരിക്കണമെന്ന് കല്പിക്കാൻ ആർക്കും അധികാരമില്ലെന്നും രാഹുൽ പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ഉത്തർപ്രദേശിലെ അലിഗഢ് മുസ്ലിം സർവ്വകലാശാലയിലെ വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർഥികളുമായുള്ള സംവാദത്തിനിടെ കർണാടകയിലെ ഹിജാബ് വിവാദത്തെക്കുറിച്ച് ഒരു പെൺകുട്ടിയുടെ ചോദ്യത്തിനായിരുന്നു രാഹുൽ ഗാന്ധി ഇത്തരത്തിൽ മറുപടി പറഞ്ഞത്.

“ഒരു സ്ത്രീ എന്ത് ധരിക്കണം എന്നത് അവളുടെ തീരുമാനം ആണ്. അതിന് അവളെ അനുവദിക്കണം. ഇതാണ് എൻ്റെ അഭിപ്രായം. നിങ്ങൾ എന്ത് ധരിക്കണം എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. എന്ത് ധരിക്കണം എന്നത് നിങ്ങളുടെ തീരുമാനമാണ്. നിങ്ങൾ എന്ത് ധരിക്കണമെന്ന് മറ്റാരും തീരുമാനിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നില്ല,” രാഹുൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ മത്സര പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാൻ അനുമതി നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തിൻ്റെ അഭിപ്രായപ്രകടനം.

More Stories from this section

family-dental
witywide