ശ്രദ്ധിക്കണ്ടേ! 30 ദിവസത്തിനിടെ 71 ലക്ഷം ഇന്ത്യൻ ഉപയോക്താക്കളോട് ‘കടക്ക് പുറത്ത്’ പറഞ്ഞ് വാട്സാപ്പ്; കാരണം അറിയുമോ?

സ്വകാര്യതാ നയങ്ങള്‍ ലംഘിച്ചതിന്‍റെ പേരിൽ ഏപ്രിൽ മാസം മാത്രം ഏകദേശം 71 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്സാപ്പ് അറിയിച്ചു. പ്രധാനമായും തട്ടിപ്പ് നടത്താൻ ലക്ഷ്യമിട്ടുള്ള അക്കൗണ്ടുകളോടാണ് വാട്സാപ്പ് ‘കടക്ക് പുറത്ത്’ പറഞ്ഞിരിക്കുന്നതെന്നാണ് വിവരം. എല്ലാ മാസവും ഇത്തരത്തിൽ പരിശോധന നടത്തിയാണ് വാട്ട്സ് ആപ്പ് പല അക്കൗണ്ടുകളും നിരോധിക്കാറുള്ളത്. ദുരുപയോഗം തടയുന്നതിനും പ്ലാറ്റ്ഫോം സമഗ്രത നിലനിര്‍ത്തുന്നതിനുമായി 2024 ഏപ്രില്‍ 1 നും 2024 ഏപ്രില്‍ 30 നും ഇടയില്‍ ഏകദേശം 71 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ നിരോധിച്ചതായാണ് വാട്സാപ്പ് ഇന്ത്യ ഏറ്റവും പുതിയ പ്രതിമാസ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളത്.

വാട്സാപ്പിന്‍റെ നിയമങ്ങൾ ലംഘിക്കുന്ന ഉപയോക്താക്കളെ തുടർന്നും നിരോധിക്കുമെന്ന് കമ്പനി അറിയിച്ചു. ഏപ്രില്‍ 1 നും ഏപ്രില്‍ 30 നും ഇടയില്‍ മൊത്തം 7,182,000 അക്കൗണ്ടുകള്‍ നിരോധിച്ചെന്നാണ് വാട്ട്സ്ആപ്പ് വ്യക്തമാക്കിയത്. ഇതില്‍ 13 ലക്ഷത്തിലേറെ അക്കൗണ്ടുകള്‍ സ്പാം ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് തങ്ങൾ തന്നെയാണ് നിരോധിച്ചതെന്നും വാട്സാപ്പ് അറിയിച്ചു. 60 ലക്ഷത്തോളം അക്കൗണ്ടുകൾ ഉപയോക്താക്കളുടെ പരാതിയെ തുടർന്നാണ് നിരോധിച്ചതെന്നും കമ്പനി വിവരിച്ചു. സ്പാം, സ്‌കാമുകള്‍, തെറ്റായ വിവരങ്ങള്‍, ഹാനികരമായ ഉള്ളടക്കം എന്നിവയില്‍ ഏര്‍പ്പെടുന്ന അക്കൗണ്ടുകളാണ് പ്രധാനമായും നിരോധിക്കുകയെന്നും വാട്സാപ്പ് അധികൃതർ വ്യക്തമാക്കി.

WhatsApp banned over 70 lakh accounts in India in April