ഹേമന്ത് സോറന് തലവേദനയായി വാട്സ്ആപ്പ് ചാറ്റുകള്‍, തെളിവ് നല്‍കി ഇഡി

ന്യൂഡല്‍ഹി: ഭൂമി കുംഭകോണക്കേസില്‍ ജനുവരി 31ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറനെതിരായ വാട്ട്‌സ് തെളിവുകള്‍ ഇഡി കോടതിയില്‍ ഹാജരാക്കി. സോറന്റെ അടുത്ത സഹായിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയത്.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഭൂമി കുംഭകോണവുമായി തനിക്കുള്ള ബന്ധം തെളിയിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ ഹേമന്ത് സോറന്‍ കഴിഞ്ഞ ദിവസത്തെ നിയമസഭാ പ്രസംഗത്തില്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഭൂമി കുംഭകോണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ രാഷ്ട്രീയത്തില്‍ നിന്നും പുറത്തുപോകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. മാത്രമല്ല രാഷ്ട്രീയ കളിയിലാണ് തന്റെ അറസ്റ്റ് നടന്നതെന്നും ഇതില്‍ സംസ്ഥാന ഗവര്‍ണര്‍ക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്നലെ ഇ.ഡി ഹാജരാക്കിയ രേഖകളിലും ചാറ്റുകളിലും ജാര്‍ഖണ്ഡിലെ ഭൂമി കുംഭകോണവുമായി നേരിട്ട് ബന്ധമുള്ള നിരവധി സ്വത്തുക്കളുടെ വിശദാംശങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ഇഡി തന്നെ വ്യക്തമാക്കുന്നു.

അതേസമയം, സോറന്റെ ഇഡി റിമാന്‍ഡ് ഫെബ്രുവരി 12 വരെ അഞ്ചുദിവസത്തേക്ക് കൂടി നീട്ടി ഇന്നലെ കോടതി ഉത്തരവ് നല്‍കിയിരുന്നു.