ന്യൂഡല്‍ഹി: ബോയിംഗ് സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തില്‍ ബഹിരാകാശ നിലയത്തില്‍ എട്ടുദിവസം തങ്ങാനായിരുന്നു പദ്ധതി. രണ്ടു പ്രാവശ്യം മാറ്റിവെച്ച യാത്രയില്‍ മൂന്നാം ഊഴത്തില്‍ കാര്യങ്ങള്‍ വരുതിയിലാക്കി ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വില്‍മോറും ലക്ഷ്യത്തിലേക്കെത്തി. എന്നാലും തുടക്കത്തിലേ ഒപ്പം കൂടിയ കല്ലുകടികള്‍ മടക്കയാത്രയേയും ബാധിച്ചിരിക്കുകയാണ്.
ജൂണ്‍ 6 മുതല്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയ (ഐഎസ്എസ്) ത്തില്‍ മടക്കയാത്ര കാത്തിരിക്കുന്ന ഇരുവരേയും ഉടന്‍ തന്നെ ഭൂമിയിലേക്ക് തിരികെ എത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായാണ് നാസ ഏറ്റവും ഒടുവിലായി നല്‍കുന്ന വിവരം. ഇതു സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട വിവരങ്ങള്‍ ഇന്നു നാസ പുറത്തുവിടും. ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്, അതായത് ഇന്ത്യന്‍ സമയം രാത്രി 10.30ന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പടെ പങ്കെടുക്കും. നാസ ടിവിയിലും ഔദ്യോഗിക യുട്യൂബ് ചാനലിലും തത്സമയം കാണാന്‍ കഴിയും.
ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലോ സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ക്യാപ്സ്യൂളിലോ സുനിത വില്യംസിനെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാന്‍ നാസ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.
എട്ടുദിവസത്തെ യാത്രയ്ക്കായാണ് സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയതെങ്കിലും രണ്ട് മാസത്തിലധികമായി ഇരുവരും അവിടെ തുടരുകയാണ്. സ്റ്റാര്‍ലൈനര്‍ ഐഎസ്എസില്‍ എത്തിയപ്പോള്‍ പേടകത്തിന് ത്രസ്റ്ററുകളുടെ പരാജയവും പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിലെ ഹീലിയം ചോര്‍ച്ചയുമടക്കം വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ദിശ നിയന്ത്രിക്കുന്നതിനായി 28 ത്രസ്റ്ററുകളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം ഐഎസ്എസിലേക്ക് ഘടിപ്പിക്കാനുള്ള (ഡോക്കിങ്) ശ്രമത്തിനിടെ പ്രവര്‍ത്തനരഹിതമായി. ഭൂമിയില്‍ നിന്നുള്ള പരിശ്രമങ്ങളുടെ ഭാഗമായി പ്രവര്‍ത്തനരഹിതമായതില്‍ ഒരു ത്രസ്റ്റര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിഞ്ഞു. ഏറ്റവും ഒടുവില്‍ നടന്ന ടെസ്റ്റ് ഫയറില്‍ 27 എണ്ണം വരെ പ്രവര്‍ത്തിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.