‘ഇന്ത്യക്കെതിരെ തെളിവെവിടെ ?’; നിജ്ജാറിൻ്റെ കൊലപാതകത്തിൽ കാനഡയോട് ന്യൂസിലാൻഡ്

ന്യൂഡൽഹി: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര മുഖാമുഖം നടക്കുന്നതിനിടെ, നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്കുണ്ടെന്നതിന്റെ തെളിവുകളെന്തെന്ന് ചോദിച്ച് കാനഡയുടെ പ്രധാന സഖ്യകക്ഷിയായ ന്യൂസിലാൻഡ്.

ന്യൂസിലൻഡ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ വിൻസ്റ്റൺ പീറ്റേഴ്‌സ് ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ കാനഡ തങ്ങളുടെ ആരോപണങ്ങൾ സ്ഥാപിക്കുന്ന തെളിവുകളൊന്നും പുറത്തുവിട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി.

ന്യൂസിലൻഡിൻ്റെ ഉപപ്രധാനമന്ത്രിയുടെ ഈ പ്രസ്താവന ഫൈവ് ഐസിൻ്റെ മറ്റ് കനേഡിയൻ സഖ്യകക്ഷികളുടെ നിലപാടിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. കാനഡയെ കൂടാതെ ന്യൂസിലൻഡ്, അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണ് രഹസ്യാന്വേഷണ സഖ്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. നിജ്ജാറിൻ്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ നടക്കുന്ന അന്വേഷണത്തെ ഈ രാജ്യങ്ങളെല്ലാം പിന്തുണച്ചിട്ടുണ്ട്.

കനേഡിയൻ പൗരത്വമുള്ള ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്നായിരുന്നു കാനഡയുടെ ആരോപണം. കാനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രുഡോ ആരോപണം പാർലമെൻറിൽ ഉന്നയിക്കുകയും ചെയ്തു. എന്നാൽ ഇന്ത്യ ആരോപണങ്ങൾ നിഷേധിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ഇന്ത്യയിൽ നടന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ പാർലമെൻ്റിൽ ഇക്കാര്യം പറഞ്ഞത്. ഇതിനുപിന്നാലെ രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായി. ഒക്ടോബറിൽ, കാനഡ ഇന്ത്യയിൽ നിന്ന് 41 നയതന്ത്രജ്ഞ ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു.

കാനഡയുടെയും ഇന്ത്യയുടെയും സഖ്യകക്ഷിയായ യുഎസ്, ഈ വിഷയത്തിൽ ഇന്ത്യയുമായി ചർച്ച നടത്തിയിരുന്നു. കാനഡയുടെ ആരോപണത്തിൽ അന്വേണം വേണമെന്നും ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നുമാണ് യുഎസിന്റെ നിലപാടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കെൻ പറഞ്ഞു.

More Stories from this section

family-dental
witywide