വാഷിങ്ടന്‍: അമേരിക്കയുടെ 47 ാം പ്രസിഡന്റ് ട്രംപോ കമലയോ? ആരാകുമെന്ന ചോദ്യമാണ് ഇനി അവശേഷിക്കുന്നത്. പാര്‍ട്ടികള്‍ക്കും അമേരിക്കന്‍ ജനത്തിനും ആകാംക്ഷയുടെ അവസാന മണിക്കൂറുകളാണ് കടന്നുപോകുന്നത്. മാസങ്ങള്‍ നീണ്ട ചൂടന്‍ പ്രചാരണങ്ങള്‍ക്കൊടുവില്‍ പല ട്വിസ്റ്റുകളിലൂടെയാണ് ഡെമോക്രാറ്റ് കമലാ ഹാരിസും റിപ്പബ്ലിക്കന്‍ ഡോണള്‍ഡ് ട്രംപും നവംബര്‍ അഞ്ചിലേക്ക് എത്തുന്നത്.
നിലവിലെ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടി ഭരണം നിലനിര്‍ത്തുമോ, അതോ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ട്രംപും അധികാരത്തിലേക്കു മടങ്ങുമോ എന്നതില്‍ വൈകാതെ തീരുമാനമാകും.
ട്രംപിനാണെങ്കില്‍ വധശ്രമം അതിജീവിച്ച ട്വിസ്റ്റാണ് കരുത്തെങ്കില്‍ കമലയ്ക്ക് ബൈഡന്‍ വഴിമാറിയപ്പോള്‍ വീണ് കിട്ടിയ അവസരമാണിത്. ഇവരില്‍ ആര് ജയിച്ചാലും യുഎസില്‍ അത് ചരിത്രമോ ചരിത്രം തിരുത്തിക്കുറിക്കലോ ആകും. അറുപതുകാരിയായ കമല ഹാരിസ് ജയിച്ചാല്‍ ആദ്യത്തെ വനിതാ പ്രസിഡന്റ്, കറുത്തവര്‍ഗക്കാരിയായ ആദ്യത്തെ പ്രസിഡന്റ്, തെക്കേഷ്യന്‍ വംശജയായ ആദ്യത്തെ പ്രസിഡന്റ് എന്നിങ്ങനെ ചരിത്രം നിരവധി രേഖപ്പെടുത്തലുകള്‍ നടത്തും. ബിസിനസ്, സാമ്പത്തിക തിരിമറിക്കേസില്‍ കുറ്റം ചുമത്തപ്പെട്ട 78കാരനായ ഡോണള്‍ഡ് ട്രംപ് വിജയിച്ചാല്‍ അതും വേറിട്ട ചരിത്രമാകും.
ഇന്ത്യയെ സംബന്ധിച്ച് ഇവരില്‍ ആരു ജയിച്ചാലും ഏതാണ്ട് ഒരുപോലയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ തന്റെ ഉറ്റ ചങ്ങാതിയായാണ് ട്രംപ് വിശേഷിപ്പിക്കാറ്. ഇക്കഴിഞ്ഞ ദിവസം ദീപാവലി സന്ദേശത്തിലും ഇരുവരുടേയും സൗഹൃദം വാക്കുകളില്‍ വരച്ചുചേര്‍ത്തിരുന്നു ട്രംപ്.
ഇനി കമലയുടെ കാര്യത്തിലാണെങ്കില്‍ ഇന്ത്യന്‍ വംശജയായ കമലയ്ക്ക് ഇന്ത്യയോടുള്ള താത്പര്യം എടുത്തുപറയേണ്ടതില്ല. പ്രചാരണ വേളയില്‍പ്പോലും ഇന്ത്യയിലെ തന്റെ കുട്ടിക്കാലവും മറ്റും അവര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടിക്കാലത്ത് ഇന്ത്യയില്‍ ദീപാവലി ആഘോഷിച്ചത് ഇക്കഴിഞ്ഞ ദിവസവും അവര്‍ എടുത്തുപറഞ്ഞിരുന്നു.
അതേസമയം, ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസ് തപാല്‍ വോട്ടു ചെയ്തു കഴിഞ്ഞു. ട്രംപ് ഇന്നു വോട്ടു ചെയ്യാന്‍ തയ്യാറെടുക്കുന്നു. ഫ്‌ളോറിഡയിലെ പോളിങ് സേറ്റേഷനിലെത്തിയാണ് ട്രംപ് ഇന്ന് വോട്ടു ചെയ്യുന്നത്. നേരത്തേ വോട്ടു ചെയ്യുമെന്നു പറഞ്ഞിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.