നെതന്യാഹുവിനെ ബൈഡൻ ‘ദാറ്റ് സൺ ഓഫ് എ ബിച്ച്’ എന്ന് വിശേഷിപ്പിച്ചെന്ന ‘വാർ’ പുസ്തകത്തിലെ വെളിപ്പെടുത്തൽ നിഷേധിച്ച് വൈറ്റ്ഹൗസ്, ‘എന്നും നല്ല ബന്ധം’

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ഇസ്രയേൽ ​പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ‘ദാറ്റ് സൺ ഓഫ് എ ബിച്ച്’ എന്ന് വിശേഷിപ്പിച്ചെന്ന ആരോപണം നിഷേധിച്ച് വൈറ്റ് ഹൗസ് രംഗത്ത്. അമേരിക്കയിലെ പ്രശസ്ത മാധ്യമപ്രവർത്തകൻ ബോബ് വുഡ്‍വാർഡിന്റെ പുതിയ പുസ്തകമായ ‘വാറി’ലാണ് അമേരിക്കൻ പ്രസിഡന്‍റ് കാലയളവിൽ ജോ ബൈഡൻ സഹായികളുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെ നെതന്യാഹുവിനെ ‘തെണ്ടിയുടെ മകൻ’ എന്ന് വെളിപ്പെടുത്തലുണ്ടായത്. ബൈഡനെ കുറിച്ചുള്ള വെളിപ്പെടുത്തൽ തെറ്റാണെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്.

വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി എമിലി സിമൺസാണ് ‘വാറി’ലെ ആരോപണങ്ങൾ നിഷേധിച്ച് വാർത്താക്കുറിപ്പിറക്കിയത്. ബൈഡനും നെതന്യാഹുവും തമ്മിൽ ദീർഘകാലത്തെ സൗഹൃദമുണ്ടെന്നും വളരെ വിശ്വസ്തവും ഗാഢവുമായ ബന്ധമാണ് ഇരുവരും തമ്മിലുള്ളതെന്നും വൈറ്റ് ഹൗസ് വിവരിച്ചിട്ടുണ്ട്. പുസ്തകത്തിൽ പറയുന്ന പല കാര്യങ്ങളും തെറ്റാണെന്നും വൈറ്റ് ഹൗസ് അഭിപ്രായപ്പെട്ടു.

അതേസമയം യു എസ് പ്രസിഡന്‍റ് കാലയളവിൽ ബൈഡനും മറ്റ് ലോക നേതാക്കളോടുള്ള ബന്ധം എങ്ങനെയായിരുന്നുവെന്ന് വിരൽ ചൂണ്ടുന്ന ‘വാർ’ പുസ്തകം വലിയ ചർച്ചയായിട്ടുണ്ട്. ബെഞ്ചമിൻ നെതന്യാഹു മുതൽ വ്‌ളാഡിമിർ പുടിൻ വരെയുള്ള ലോക നേതാക്കളുമായുള്ള ഇടപെടലുകളുടെയും തിരശ്ശീലയ്ക്ക് പിന്നിൽ നടന്ന കാര്യങ്ങളുടെയും വെളിപ്പെടുത്തൽ എന്ന നിലയിലാണ് ‘വാർ’ പുറത്തുവന്നിരിക്കുന്നത്. ഇസ്രയേൽ ​പ്രധാനമന്ത്രിയുമായുള്ള അസ്വാരസ്യം പരസ്യമാക്കുന്ന നിരവധി വെളിപ്പെടുത്തലുകളാണ് പുസ്തകത്തിലുള്ളത്.

പുസ്തകത്തിന്‍റെ ഒരു ഭാഗത്ത് നെതന്യാഹുവിനെതിരെ ബൈഡൻ നടത്തിയ കടുത്ത ആരോപണങ്ങളെ കുറിച്ചാണ് വെളിപ്പെടുത്തിയിട്ടുള്ളത്. നെതന്യാഹുവിനെ ‘സൺ ഓഫ് എ ബിച്ച്’ എന്നും പെരുംനുണയനെന്നും തന്റെ സഹായിയുമായി നടത്തിയ സ്വകാര്യ സംഭാഷണത്തിനിടെ ബൈഡൻ വിശേഷിപ്പിച്ചിട്ടുണ്ടെന്നാണ് പുസ്തകം വെളിപ്പെടുത്തുന്നത്. ഇസ്രയേൽ ഗാസയിൽ ആക്രമണം തുടങ്ങിയപ്പോളാണ് ബൈഡൻ, നെതന്യാഹുവിനെ ഇങ്ങനെ വിശേഷിപ്പിച്ചതെന്നും ‘വാർ’ പറയുന്നു. നെതന്യാഹുവിന് വേണ്ടി പ്രവർത്തിക്കുന്ന 19 ൽ 18 സഹായികളും പെരുംനുണയൻമാരാണെന്നും ബൈഡൻ പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തലുണ്ട്.

Also Read