
ഏഷ്യൻ അമേരിക്കൻ, നേറ്റീവ് ഹവായിയൻ, പസഫിക് ഐലൻഡർ (AANHPI) ഹെറിറ്റേജ് മാസത്തോടനുബന്ധിച്ച് നടന്ന സ്വീകരണത്തിൽ വൈറ്റ് ഹൗസിലെ മറൈൻ ബാൻഡ്, പ്രശസ്ത ഇന്ത്യൻ ദേശഭക്തി ഗാനമായ ‘സാരെ ജഹാൻ സേ അച്ചാ ഹിന്ദുസ്ഥാൻ ഹമാര’ ആലപിച്ചു. സ്വീകരണത്തിൽ പാനി പൂരിയും സമോസയും മധുരവും ഉൾപ്പെടെയുള്ള ഇന്ത്യൻ സ്ട്രീറ്റ് ഫുഡും ഉൾപ്പെടുത്തിയിരുന്നു.
ഒരു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് വൈറ്റ് ഹൗസിൽ ‘സാരെ ജഹാൻ സേ അച്ചാ’ പ്ലേ ചെയ്യുന്നത്. 2023 ജൂൺ 23-ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിലാണ് ഇതിന് മുമ്പ് ഗാനം പ്ലേ ചെയ്ത്ത. ഇത് യുഎസ്-ഇന്ത്യ ബന്ധത്തിന്റെ കരുത്ത് പ്രതിഫലിപ്പിക്കുന്നുവെന്ന് ഇന്ത്യൻ-അമേരിക്കൻ കമ്മ്യൂണിറ്റി നേതാവ് അജയ് ജെയിൻ ഭൂട്ടോറിയ പറഞ്ഞു.
ഏറെ വ്യത്യസ്തമായ രീതിയിലാണ് ഏഷ്യൻ അമേരിക്കൻ, നേറ്റീവ് ഹവായിയൻ, പസഫിക് ഐലൻഡർ (AA, NHPI) ഹെറിറ്റേജ് മാസം വൈറ്റ് ഹൗസ് ആഘോഷിച്ചത്. ഏഷ്യൻ അമേരിക്കക്കാർ, തദ്ദേശീയരായ ഹവായികൾ, പസഫിക് ദ്വീപുകാർ എന്നിവരുടെ സംസ്കാരത്തെ ആദരിക്കുന്ന വൈറ്റ് ഹൗസ് ഇനിഷ്യേറ്റീവിന്‍റെയും പ്രസിഡന്‍റിന്‍റെ ഉപദേശക കമ്മീഷന്‍റെയും 25 –ാം വാർഷികത്തോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
Thrilled to hear Saare Jahan Se accha Hindustan Hamara played at WHite House AANHPI heritage celebration hosted by President @JoeBiden with VP Harris @VP . Paanipuri and Khoya dish was also served .stronger US India relationship . @PMOIndia @narendramodi @DrSJaishankar @AmitShah pic.twitter.com/1M5lViwbF2
— Ajay Jain (@ajainb) May 14, 2024
‘‘നൂറുകണക്കിന് വർഷങ്ങളായി നമ്മുടെ ഭൂമിയെ സ്വദേശമായി കരുതുന്ന തദ്ദേശീയരായ ഹവായികൾ, പസഫിക് ദ്വീപുവാസികൾ മുതൽ പുതുതായി വന്ന ഏഷ്യൻ കുടിയേറ്റക്കാരും, തലമുറകളായി ഇവിടെയുള്ള കുടുംബങ്ങളുടെ പൈതൃകവും നമ്മുടെ മഹത്തായ ചരിത്രത്തിന്‍റെ ഭാഗമാണ്. ഇത് രാജ്യത്തെയും രാജ്യത്തിന്‍റെ ആത്മാവിനെ നിർവചിക്കുന്ന ശക്തിയുമാണ് ’’ യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു.
കൃത്യമായ പ്രവർത്തനങ്ങളിലൂടെ എല്ലാവർക്കും തുല്യത, നീതി, അവസരങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഭരണകൂടത്തിന്‍റെ പ്രതിബദ്ധത ശക്തമായി തുടരുമെന്ന് പ്രസിഡന്‍റ് ബൈഡൻ കൂട്ടിച്ചേർത്തു.